kkk
.

മലപ്പുറം: അനിശ്ചിതത്വങ്ങൾക്കും ആശങ്കകൾക്കുമൊടുവിൽ ജില്ലാ സ്കൂൾ കായികമേളയ്ക്ക് ഇന്ന് കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് ട്രാക്കിൽ തുടക്കമാവും. 99 ഇനങ്ങളിലായി 2,900ത്തോളം താരങ്ങൾ മേളയിൽ പങ്കെടുക്കും. 150ഓളം ഒഫീഷ്യലുകളും മേളയുടെ നടത്തിപ്പിനുണ്ടാവും. വേദി സംബന്ധിച്ച് അവസാന നിമിഷംവരെ നിലനിന്ന അവ്യക്തതയും കായികാദ്ധ്യാപകരുടെ സമരവും മേളയുടെ മാറ്റ് കുറച്ചിട്ടുണ്ട്. ഇന്നലെ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിൽ യൂണിവേഴ്സിറ്റി രജിസ്റ്റാറുമായി അന്തിമവട്ട ചർച്ച നടത്തിയാണ് മത്സര നടത്തിപ്പ് സംബന്ധിച്ച തീരുമാനത്തിലെത്തിയത്. 16ന് സംസ്ഥാന കായികമേളയ്ക്ക് കണ്ണൂരിൽ തുടക്കമാവുമെന്നതിനാൽ ജില്ലാ മേള രണ്ടുദിവസം കൊണ്ട് തീർക്കാനാണ് സംഘാടകരുടെ തീരുമാനം. സമയനഷ്ടം ഒഴിവാക്കാൻ മാർച്ച് പാസ്റ്റും ഉദ്ഘാടന ചടങ്ങും ഒഴിവാക്കി.

മത്സരങ്ങൾ ഇന്നുരാവിലെ ഒമ്പതിന് ഡി.ഡി.ഇ ഫ്ലാഗ് ഓഫ് ചെയ്യും. 73 ഇനങ്ങളിൽ 48 ഫൈനൽ മത്സരങ്ങൾ നടക്കും. ഉച്ചയ്ക്ക് മുമ്പ് 15 ഇനങ്ങളിലും ഉച്ചയ്ക്ക് ശേഷം 33 ഇനങ്ങളിലുമാവും ഫൈനൽ. രാവിലെ ഒമ്പതിന് സീനിയർ ബോയ്സിന്റെ 3,​000 മീറ്ററോടെ ട്രാക്കുണരും. തുടർന്ന് സീനിയർ ബോയ്സ്,​ ജൂനിയർ ബോയ്സ്,​ ഗേൾസ് 3,​000 മീറ്റർ മത്സരങ്ങൾ നടക്കും. മേളയുടെ വേഗക്കാരെ കണ്ടെത്തുന്ന 100 മീറ്ററും ഷോട്ട്പുട്ട് ,​ ഡിസ്ക്കസ്ത്രോ,​ ജാവലിൻ,​ ഹൈജമ്പ്,​ ഹഡിൽസ്,​ 400 റിലേ മത്സരങ്ങളും ഇന്ന് നടക്കും.

നാളെ 70 ഇനങ്ങളിലാണ് മത്സരം. രാവിലെ 6.30ന് ക്രോസ് കൺട്രിയിലൂടെ മത്സരങ്ങൾക്ക് തുടക്കമാവും. 5,​000,​ 3,​000,​ 1,​500,​ 400 മീറ്റർ റേസ് വാക്ക് നടക്കും. 800,​ 600,​ 200 മീറ്റർ ഹീറ്റ്സ്,​ ഹാമ്മർത്രോ,​ ട്രിപ്പിൾ ജമ്പ്, 200 മീറ്റർ,​ പോൾവാൾട്ട് മത്സരങ്ങൾ നടക്കും. 400 മീറ്റ‍ർ റിലേ മത്സരത്തോടെ മേള കൊടിയിറങ്ങും.

മത്സരങ്ങൾ വേഗത്തിലും സമയബന്ധിതമായും തീർക്കുന്നതിന് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. മഴ ഭീഷണിയാവുമെന്നതിനാലാണ് അരീക്കോട്ട് നിന്നും മത്സരങ്ങൾ അവസാനനിമിഷം മാറ്റേണ്ടിവന്നത്.

പി.ജെ. മാനുവൽ,​ സംഘാടക സമിതി കൺവീനർ