കോട്ടയ്ക്കൽ: പ്രണയത്തിന്റെ പേരിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായ യുവാവ് വിഷം കഴിച്ച് ജീവനൊടുക്കി. കോട്ടയ്ക്കൽ പുതുപ്പറമ്പ് പൊട്ടിയിൽവീട്ടിൽ ഹൈദരലിയുടെ മകൻ ഷാഹിർ (22) ആണ് ഇന്നലെ പുലർച്ചെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പതിന് പെൺകുട്ടിയുടെ വീടിന് സമീപത്തു വച്ച് ബന്ധുക്കളും ചില നാട്ടുകാരും ചേർന്ന് ഷാഹിറിനെ തടഞ്ഞുവച്ച് ആക്രമിച്ചിരുന്നു. കമ്പിയും മറ്റും ഉപയോഗിച്ച് മർദ്ദിക്കുകയും മൊബൈൽ ഫോൺ കൈക്കലാക്കുകയും ചെയ്തതായി ബന്ധുക്കൾ പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. ആക്രമണം കണ്ടവർ വിവരം ഷാഹിറിന്റെ വീട്ടിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് അനുജൻ ഷിബിലും മാതാവും സ്ഥലത്തെത്തി. അക്രമികൾ ഷിബിലിനെയും മർദ്ദിച്ചു. മർദ്ദനത്തിനിടെ ഷാഹിറിന്റെ നഗ്നചിത്രം അക്രമികൾ ചിത്രീകരിച്ചതായും വിവരമുണ്ട്. വീട്ടിൽ തിരിച്ചെത്തിയതിനു പിന്നാലെ ഷാഹിർ വിഷം കഴിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച ഷാഹിറിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ മരിച്ചു. ഷിബിലിന്റെ പരാതിയിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെ നരഹത്യയ്ത്ത് കേസെടുത്തതായി കോട്ടയ്ക്കൽ എസ്.ഐ റിയാസ് ചാക്കീരി പറഞ്ഞു. പ്രതികൾക്കായി അന്വേഷണം ശക്തമാക്കി. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
പ്രണയം ജീവനെടുത്തപ്പോൾ
എട്ടുമാസം മുമ്പാണ് ഷാഹിറിന്റെ കുടുംബം നിലമ്പൂരിൽ നിന്നു പുതുപ്പറമ്പിലെ വാടകവീട്ടിലെത്തിയത്. കൂലിപ്പണിക്കാരനാണ് ഷാഹിർ. ഒരുമാസം മുമ്പ് കോട്ടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ പെൺകുട്ടിയുടെ പിതാവ് ഷാഹിറിനെതിരെ പരാതി നൽകിയിരുന്നു. ഷാഹിറിനെയും ഇരുകുടുംബങ്ങളെയും വിളിച്ചുവരുത്തിയ പൊലീസ് പെൺകുട്ടിക്ക് പ്രായപൂർത്തിയാവാത്ത സാഹചര്യത്തിൽ ബന്ധവുമായി മുന്നോട്ടുപോവരുതെന്ന് നിർദ്ദേശിച്ചു. ഇക്കാര്യം ഷാഹിർ അംഗീകരിച്ചിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇതിനുശേഷവും ബന്ധം തുടരാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് വഴിവച്ചത്. അതിനിടെ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന അഭ്യൂഹവുമുയർന്നു. പാരാസെറ്റാമോൾ കഴിച്ചതുകണ്ട് സംശയം തോന്നിയ വീട്ടുകാർ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചതാണ് ഇതിനുകാരണമെന്നാണ് വിവരം.
വിഷം നൽകിയത് ആക്രമിച്ചവരെന്ന് മാതാവ്
കോട്ടയ്ക്കൽ: പുതുപ്പറമ്പ് ആൾക്കൂട്ട ആക്രമണത്തെ തുടർന്ന് യുവാവ് മരിച്ചത് അക്രമികൾ തന്നെ വായിലും കൈയിലും നൽകിയ വിഷം ഉള്ളിൽ ചെന്നെന്ന് മാതാവിന്റെ ആരോപണം. മകനെ ആക്രമിച്ച വിവരമറിഞ്ഞ് രക്ഷിക്കാനായി ഒരു കിലോമീറ്റർ അകലെയുള്ള മാഞ്ഞാമാട് പാലത്തിനടുത്തെത്തിയ താൻ കണ്ടത് മകനെ മലർത്തിക്കിടത്തി മർദ്ദിക്കുന്നതാണെന്ന് മാതാവ് പറഞ്ഞു. ഈ സമയം മകന്റെ വായിലും കൈയിലും എന്തോ പൊടി അവർ ഇട്ടിരുന്നു. വീട്ടിലെത്തി സംസാരിക്കുന്നതിനിടെ കൈയിലിരുന്ന പൊടി വീണ്ടും വായിലിട്ടതോടെ പന്തികേട് തോന്നി. തുടർന്ന് ഉടനേ ആശുപത്രിയിലെത്തിച്ചുവെന്നാണ് മാതാവ് പറയുന്നത്.