പൊന്നാനി: പൊന്നാനി നഗരസഭയിലെ ലൈഫ്ഭവന പദ്ധതിയെച്ചൊല്ലിയുള്ള ഭരണപക്ഷ -പ്രതിപക്ഷ പോര് തുടരുന്നു. ലൈഫ് പദ്ധതിയെച്ചൊല്ലി കഴിഞ്ഞ ദിവസം നടന്ന നഗരസഭ കൗൺസിൽ യോഗം അലങ്കോലമായിരുന്നു. തുടർന്ന് നടന്ന കോലാഹലങ്ങളിൽ ഇരുപക്ഷവും വാക്‌പോരിലേർപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസം നടന്ന വാർത്താസമ്മേളനത്തിൽ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാൻ പ്രതിപക്ഷത്തെ തുറന്ന സംവാദത്തിന് നഗരസഭ ചെയർമാൻ വെല്ലുവിളിച്ചു.ലൈഫ് പദ്ധതിയെക്കുറിച്ച് പഠിക്കാതെയാണ് പ്രതിപക്ഷം പരാക്രമം കാട്ടുന്നതെന്നും പി.എം.എ.വൈ.ലൈഫ് പദ്ധതിയും, ലൈഫ് പദ്ധതിയും തമ്മിലുള്ള വ്യത്യാസമെന്തെന്ന് പോലും പ്രതിപക്ഷ കൗൺസിലർമാർക്കറിയില്ലെന്നുമാണ് ചെയർമാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഇതോടെ പ്രതിപക്ഷ നേതാവ് എം.പി.നിസാർ വെല്ലുവിളി ഏറ്റെടുത്ത് രംഗത്തെത്തി. സ്ഥലവും സമയവും നിശ്ചയിച്ചാൽ സംവാദത്തിന് തയ്യാറാണെന്നും നഗരസഭയുടെ അബദ്ധങ്ങൾ തുറന്ന് കാണിക്കുക തന്നെ ചെയ്യുമെന്നും നിസാർ പറഞ്ഞു.ഇതോടെ ലൈഫിനെ ചൊല്ലിയുള്ള വാക്‌പോരിന് ചൂടേറി.