uni
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ഉദ്ഘാടനച്ചടങ്ങിനെത്തിയ കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് സഹമന്ത്രി സഞ്ജയ് ഷംറാവു ധോത്രേയെ കരിങ്കൊടി കാണിച്ച വിദ്യാർത്ഥികളെ തടയാൻ ശ്രമിക്കുന്ന പൊലീസ്

തേഞ്ഞിപ്പലം: ജെ.എൻ.യു സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസിൽ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി സഞ്ജയ് ഷംറാവു ധോത്രേയ്ക്കു നേരെ കരിങ്കൊടി കാട്ടി. എം.എച്ച്.ആർ.ഡി ടീച്ചിംഗ്, ലേണിംഗ് സെന്റർ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് ഉച്ചയ്ക്ക് ഒരുമണിയോടെ എത്തിയ മന്ത്രിക്കുനേരെ 15 മിനിട്ടോളം മുദ്രാവാക്യം മുഴക്കുകയും വേദിയിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുകയും ചെയ്ത വിദ്യാർത്ഥികളെ ഏറെ പാടുപെട്ടാണ് പൊലീസ് നീക്കിയത്.

മന്ത്രിയെത്തും മുമ്പുതന്നെ വിദ്യാർത്ഥികൾ കോളേജിന് പുറത്ത് വായ് മൂടിക്കെട്ടി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മന്ത്രി പ്രസംഗിക്കാനായി എഴുന്നേറ്റപ്പോൾ സദസിന്റെ വിവിധ ഭാഗങ്ങളിലായി ഇരുന്ന 20ഓളം വിദ്യാർത്ഥികൾ കരിങ്കൊടി ഉയർത്തുകയും പ്ലക്കാർഡുകളുമായി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. വേദിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച വിദ്യാർത്ഥികളെ പൊലീസ് തടഞ്ഞു. അംഗസംഖ്യ കുറവായതിനാൽ പ്രതിഷേധം തടയാൻ പൊലീസ് പാടുപെട്ടു. വനിതാ എസ്.സി.പി.ഒ പി. ഉഷയ്ക്ക് സംഘർഷത്തിനിടെ നിലത്തുവീണു പരിക്കേറ്റു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് മന്ത്രിക്ക് പ്രസംഗിക്കാനായത്.

ജെ.എൻ.യുവിലെ പ്രശ്നം അവിടെത്തന്നെ പരിഹരിക്കേണ്ടതായിരുന്നുവെന്ന് സഞ്ജയ് ധോത്രേ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.