തേഞ്ഞിപ്പലം: പ്രതിഷേധ ട്രാക്കിലാണ് ജില്ലാ കായികമേളയ്ക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്തറ്റിക് ട്രാക്കിൽ തുടക്കമായത്. പതിവ് കാഴ്ചകൾക്കപ്പുറം കായികാദ്ധ്യാപകരുടെ പ്രതിഷേധത്തിനും ട്രാക്ക് സാക്ഷിയായി.
16ന് കണ്ണൂരിൽ സംസ്ഥാന കായികമേള നടക്കുമെന്നതിനാൽ മത്സരങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ഉദ്ഘാടന പരിപാടികളെല്ലാം ഒഴിവാക്കിയിരുന്നു. രാവിലെ ഒമ്പതിന് തന്നെ മത്സരങ്ങൾ തുടങ്ങുമെന്നാണ് അറിയിച്ചതെങ്കിലും ഒഫീഷ്യലുകളും മത്സരാർത്ഥികളും എത്താൻ വൈകിയതോടെ 10.15നാണ് തുടങ്ങിയത്.
സീനിയർ 3,000 മീറ്റർ മത്സരത്തോടെ ട്രാക്കുണർന്നു. ജൂനിയർ മത്സരം തുടങ്ങാനിരിക്കെ ഗാലറിയിൽ നിന്ന് 200ലധികം വരുന്ന കായികാദ്ധ്യാപകർ പ്രതിഷേധവുമായി ട്രാക്കിലേക്കിറങ്ങി. മത്സരം തടസപ്പെടുമെന്ന പ്രതീതിയായതോടെ ഡി.ഡി.ഇ കെ.വി. കുസുമം ട്രാക്കിൽ നിന്ന് മാറാൻ അദ്ധ്യാപകരോടാവശ്യപ്പെട്ടു. ഇതോടെ കായികാദ്ധ്യാപകരും ഡി.ഡി.ഇയും തമ്മിൽ ചെറിയ വാക്കേറ്റമുണ്ടായി. അരമണിക്കൂറോളം നീണ്ട പ്രതിഷേധത്തിന് ശേഷം കായികാദ്ധ്യാപകർ ട്രാക്കിൽ നിന്ന് പിന്മാറിയതോടെ മത്സരങ്ങൾ വീണ്ടും സജീവമായി. സമയക്രമമനുസരിച്ചല്ല ഓരോ ഇനങ്ങളും പൂർത്തിയാവുന്ന മുറയ്ക്കാണ് മത്സരങ്ങൾ പുരോഗമിച്ചത്.
മത്സരങ്ങൾ നിയന്ത്രിക്കാൻ 159 ഒഫീഷ്യലുകളെ നിയോഗിച്ചിരുന്നെകിലും 100 ഓളം പേരേ ഉണ്ടായിരുന്നുള്ളൂ. കായികാദ്ധ്യാപകരുടെ സാന്നിദ്ധ്യക്കുറവ് സമയബന്ധിതമായ നടത്തിപ്പിനെ പ്രതികൂലമായി ബാധിച്ചു. എസ്.എസ്.എ, ബി.ആർ.സികളിൽ നിന്നും ഡി.ഡി.ഇ ഓഫീസിൽ നിന്നുമുള്ള ജീവനക്കാരാണ് മേള നിയന്ത്രിച്ചത് .
നടത്തിപ്പിലെ പരിചയക്കുറവിൽ വലഞ്ഞത് മത്സരാർത്ഥികളായിരുന്നു. ഉച്ചഭക്ഷണത്തിന് മുമ്പ് 13 ഇനങ്ങളിൽ ഫൈനൽ നടത്താനാണ് പദ്ധതിയിട്ടതെങ്കിൽ 3,000 മീറ്ററിൽ മാത്രമാണ് പൂർത്തിയാക്കാനായത്. 400 മീറ്റർ സബ് ജൂനിയർ മത്സരങ്ങൾ രാവിലെ പൂർത്തിയാക്കുമെന്ന അറിയിപ്പ് പ്രകാരം ഗ്രൗണ്ടിലെത്തിയ വിദ്യാർത്ഥികൾ ഭക്ഷണം കഴിക്കാൻ പോലുമാവാതെ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വന്നത് പ്രതിഷേധത്തിനിടയാക്കി. ചുമതലയുള്ളവർ ഭക്ഷണം കഴിക്കാൻ പോയതോടെ മത്സരം അനിശ്ചിതമായി നീണ്ടു.
കുട്ടികളുടെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി മത്സരം വൈകിട്ടേക്ക് മാറ്റാൻ ആവശ്യമുയർന്നെങ്കിലും സമയക്കുറവും മത്സരങ്ങളുടെ ആധിക്യവും മൂലം അധികൃതർ ഇക്കാര്യം പരിഗണിച്ചില്ല.
ഒഫീഷ്യലുകളുടെ
ഉഡായിപ്പും
മത്സരങ്ങൾ ഏറെ വൈകിയതിനാൽ ഉച്ചയ്ക്ക് ശേഷം ഡി.ഡി.ഇ ഒഫീഷ്യലുകളുടെ മീറ്റിംഗ് വിളിച്ച് ഡ്യൂട്ടിയിൽ അലംഭാവം കാണിക്കുന്നവർക്ക് ഡ്യൂട്ടി സർട്ടിഫിക്കറ്റ് അനുവദിക്കില്ലെന്ന് മുന്നറിയിപ്പേകി.
ഒഫീഷ്യലുകൾ ഒപ്പിട്ടശേഷം മുങ്ങുന്നില്ലെന്നും മുഴുവൻ പേരും ചുമതല നിർവഹിക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ ഉച്ചയ്ക്ക് ശേഷം ഗ്രൗണ്ടിൽ ഹാജറെടുത്തു.
ഏറെ മത്സരങ്ങൾ പൂർത്തിയാക്കാനുള്ളതിനാൽ ഇന്നുരാവിലെ 6.30ന് മത്സരങ്ങൾ തുടങ്ങും. ഇന്നലെ മത്സരങ്ങൾ വൈകിയ സാഹചര്യം ആവർത്തിക്കരുതെന്ന കർശന നിർദ്ദേശം ഡി.ഡി.ഇ നൽകിയിട്ടുണ്ട്.