തേഞ്ഞിപ്പലം: ജില്ലാ കായികമേളയ്ക്കെത്തിയ താരങ്ങൾക്ക് സർവകലാശാല അധികൃതർ കൊടുത്തത് എട്ടിന്റെ പണി. സ്റ്റേഡിയം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ വിദ്യാഭ്യാസ അധികൃതരും സർവകലാശാല അധികൃതരും തമ്മിലുണ്ടായ പ്രശ്നം പ്രതിഫലിക്കുന്നതായിരുന്നു മേളയിലെ കാഴ്ചകൾ
1.പ്രധാന കവാടം അടച്ചിട്ടായിരുന്നു ആദ്യം പണി പറ്റിച്ചത്. വിദ്യാർത്ഥികളും കൂടെവന്നവരും മൈതാനത്തെത്താൻ അരകിലോമീറ്റർ ചുറ്റിവളയേണ്ടി വന്നു. സമീപത്ത് ഇന്റർസ്റ്റേറ്റ് ഹാൻഡ് ബാൾ ചാമ്പ്യൻഷിപ്പ് നടക്കുന്നതാണ് കാരണമായി അധികൃതർ പറഞ്ഞത് .
2. സ്റ്റേഡിയത്തിൽ ബാത്ത് റൂം സൗകര്യം ഇല്ലായിരുന്നു. സർവകലാശാല കായിക സമുച്ചയത്തിലെ ബാത്ത്റൂമായിരുന്നു ആകെആശ്രയം. പെൺകുട്ടികൾക്കുള്ള ബാത്ത് റൂമുകൾ അടച്ചിട്ടിരുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കി.
3. സ്റ്റേഡിയത്തിനരികെയാണ് സാധാരണ ഭക്ഷണ വിതരണം നടത്താറ്. പ്രധാന കവാടം അടച്ചതിനാൽ ഒരുകിലോമീറ്റർ അകലെയുള്ള ജി.എൽ.പി. സ്കൂളിലായിരുന്നു ഭക്ഷണം ഒരുക്കിയത്. ബസ് സൗകര്യം ഏർപ്പെടുത്തിയിരുന്നെങ്കിലും താരങ്ങൾക്കും കൂടെ വന്നവർക്കും ദൂരം വില്ലനായി. ഒഫീഷ്യലുകൾക്കും ഇവിടേക്ക് പോകേണ്ടി വന്നത് മത്സരങ്ങളുടെ സമയക്രമത്തെ പ്രതികൂലമായി ബാധിച്ചു.
4. കായിക ഉപകരണങ്ങൾ വിട്ടുനൽകുന്നതിലും സർവകലാശാല പിശുക്ക് കാട്ടി. ജേതാക്കൾക്കുള്ള വിക്ടറി സ്റ്റാന്റ് പോലും നൽകിയില്ലെന്ന് ആക്ഷേപമുണ്ട്.