തേഞ്ഞിപ്പലം: ജില്ലാ കായികമേളയുടെ ഒന്നാം ദിവസം പൂർത്തിയായപ്പോൾ സ്കൂൾ തലത്തിൽ എടപ്പാൾ ഉപജില്ലയിലെ ഐഡിയൽ കടകശ്ശേരി ഒന്നാമത്. ഒമ്പത് സ്വർണമെഡലും അഞ്ച് വെള്ളിയും ആറ് ഓടുമടക്കം 63 പോയിന്റ് നേടി. ഒരു സ്വർണവും രണ്ട് വെള്ളിയും രണ്ട് ഓടുമായി 13 പോയിന്റ് നേടി തിരൂർ സബ് ജില്ലയിലെ കെ.എച്ച്.എം.എച്ച്.സ്കൂൾ രണ്ടാം സ്ഥാനത്തും
രണ്ട് സ്വർണവും ഒരു ഓട് മെഡലുമായി 11 പോയിന്റ് നേടി പരിയാപുരം സെന്റ് മേരീസ് സ്കൂൾ മൂന്നാം സ്ഥാനത്താണ്.
സബ് ജില്ല തലത്തിൽ 64 പോയിന്റുമായി എടപ്പാൾ സബ് ജില്ല ഒന്നും 26 പോയിന്റുമായി തിരൂർ സബ് ജില്ല രണ്ടും 19 പോയന്റുമായി മങ്കട സബ് ജില്ല മൂന്നും സ്ഥാനത്തുണ്ട്. ആകെ 70 ഓളം ഫൈനലുകൾ നടക്കേണ്ട ഇന്നലെ പകുതിയോളം ഇനങ്ങളേ പൂർത്തിയായിട്ടുള്ളൂ. 16ന് സംസ്ഥാന തല മേളയായതിനാൽ അതിവേഗം മത്സരഇനങ്ങൾ തീർക്കാനുള്ള അധികൃതരുടെ നീക്കം പ്രാവർത്തികമായില്ല. മത്സര ഇനങ്ങളൊന്നും തന്നെ നിശ്ചയിച്ച സമയത്ത് ആരംഭിക്കാൻ പോലും അധികൃതർക്കായില്ല. കായികഅദ്ധ്യാപകരുടെ സമരം വലിയ തോതിൽ മേളയെ പ്രതികൂലമായി ബാധിച്ചു. നടത്തിപ്പിലെ അപാകതകൾ വിദ്യാർത്ഥികളെ വലിയ തോതിൽ വലച്ചു.