gold-smugling

കൊണ്ടോട്ടി : കരിപ്പൂർ വിമാനത്താവളത്തിൽ ഗൾഫിൽ നിന്നെത്തിയ മൂന്ന് യാത്രക്കാരിൽ നിന്നായി 92 ലക്ഷത്തിന്റെ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം വണ്ടൂർ പളളിക്കുന്ന് കുറ്റിയാളി പുല്ലത്ത് നിയാസ്, അബുദാബിയിൽ നിന്നെത്തിയ കാസർകോട് ബഡ്കൽ അഹമ്മദ് ഇർഷാദ്, കോഴിക്കോട് കൊടുവള്ളി നാറൂക്കോൽ മുഹമ്മദ് ഷഫീഖ് എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. സ്പൈസ് ജെറ്റ് വിമാനത്തിലെത്തിയ നിയാസിന്റെ കൈയിലുണ്ടായിരുന്ന എമർജൻസി ലാമ്പ് അഴിച്ച് പരിശോധിച്ചപ്പോൾ ബാറ്ററിയുടെ സ്ഥാനത്ത് ഒളിപ്പിച്ച 1.398 ഗ്രാം സ്വ‌ർണം കണ്ടെത്തുകയായിരുന്നു. ഇത്തിഹാദ് എയർവിമാനത്തിലെത്തിയ അഹമ്മദ് ഇർഷാദ് 666 ഗ്രാം സ്വർണം ബാഗേജിലെ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. സ്വർണ ബിസ്‌ക്കറ്റുകൾ മുറിച്ചതും സ്വർണമാലയുമാണ് കണ്ടെടുത്തത്. ഷഫീഖ് 885 ഗ്രാം സ്വർണ മിശ്രിതം അടിവസ്ത്രത്തിനുളളിലാണ് ഒളിപ്പിച്ചിരുന്നത്.