കൊണ്ടോട്ടി: കഞ്ചാവുമായി രണ്ടു ഇതര സംസ്ഥാനക്കാരയ മോഷണക്കേസ് പ്രതികൾ അറസ്റ്റിൽ. ബംഗാൾ മെസിനിപൂർ ജാനെ ആലംഖാൻ (23), മെഡിനിപൂർ പർബ എസ്.കെ. മുഹമ്മദ് മുഹ്സിൻ (27)എന്നിവരെയാണ് കൊണ്ടോട്ടി പൊലീസ് അറസ്റ്റു ചെയ്തത്. വാഹന പരിശോധനയ്ക്കിടെ ഇരുവരും 460 ഗ്രാം കഞ്ചാവും ഗുജറാത്ത് രജിസ്ട്രേഷൻ മോട്ടോർ സൈക്കിളുമായാണ് പൊലീസിന്റെ പിടിയിലായത്. ചോദ്യം ചെയ്തപ്പോൾ കഴിഞ്ഞ ചൊവ്വാഴ്ച ബൈക്കിലെത്തി രണ്ടു സ്ത്രീകളുടെ സ്വർണമാല പൊട്ടിച്ചു കടന്ന കേസിലും പ്രതികളാണെന്ന് മനസ്സിലായി. ബൈക്കിലെത്തിയ ഇരുവരും നെടിയിരുപ്പ് കോളനി റോഡിൽ ലക്ഷ്മിയുടെ ഒന്നര പവന്റെ മാല പൊട്ടിച്ച് രക്ഷപ്പെട്ടിരുന്നു. അന്നേ ദിവസം കൊണ്ടോട്ടി മേലങ്ങാടിയിൽ നിന്നു മറ്റൊരു സ്ത്രീയുടെ മാലയും പൊട്ടിക്കാൻ ശ്രമം നടന്നു. പിടിവലിക്കിടെ മാല മുറിഞ്ഞു നിലത്തു വീണതിനാൽ മോഷ്ടാക്കൾ രക്ഷപ്പെട്ടു. പ്രതികൾ ഉപയോഗിച്ചിരുന്ന പൾസർ ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. കൊണ്ടോട്ടി ഇൻസ്പെക്ടർ എൻ.ബി.ഷൈജുവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വിനോദ് വലിയാറ്റൂർ, ഋഷികേഷ്, സുഭാഷ്,ചന്ദ്രൻ, അബ്ദുൾ അസീസ്, ശശി കുണ്ടറക്കാട്, സത്യനാഥൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.