ccc
.

മലപ്പുറം: അനധികൃത വാഹന പാർക്കിംഗ് മഞ്ചേരി സിവിൽ സ്റ്റേഷൻ പരിസരത്ത് ഗതാഗത കുരുക്കിനിടയാക്കുന്നു. കോടതികളിലേക്കും പൊലീസ് സ്‌റ്റേഷൻ, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലേക്കുമുള്ള പാതയിലാണ് നിയന്ത്രണമില്ലാതെ വാഹനങ്ങൾ നിറുത്തിയിടുന്നത്.
വഴിയടച്ചു പോലും വാഹനങ്ങൾ നിറുത്തിയിടുന്നത് വിവിധ സർക്കാർ കാര്യാലയങ്ങളിലേക്ക് എത്തുന്നവരെ ബുദ്ധിമുട്ടിക്കുന്നുണ്ട്.

വിവിധ വകുപ്പുകൾക്ക് കീഴിലുള്ള വാഹനങ്ങൾ വഴിയടച്ച് കിടക്കുന്നത് ഓഫീസുകൾക്ക് അകത്തേക്ക് കടക്കാൻ പോലും തടസമുണ്ടാക്കുന്നു. ഇതിനു പുറമെയാണ് നിരത്തു വക്കിലുള്ള സ്വകാര്യ വാഹന പാർക്കിംഗ്. സർക്കാർ വാഹനങ്ങൾ തന്നെ പൊതുജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്ന തരത്തിൽ നിറുത്തിയിടുന്നതിനെതിരെ വ്യാപകമായ പരാതി ഉയർന്നിരുന്നെങ്കിലും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. വിവിധ ആവശ്യങ്ങൾക്കായി പ്രതിദിനം നൂറ് കണക്കിനാളുകളാണ് മിനി സിവിൽ സ്റ്റേഷനിൽ എത്തുന്നത്.

വേണം പാർക്കിംഗ് സൗകര്യം

പ്രധാന കവാടത്തിന് മുന്നിൽ ഒരേ സമയം നാല് വാഹനങ്ങൾ വരെ നിറുത്തിയിട്ട നിലയിലുണ്ടാവാറുണ്ട്.

വകുപ്പുതല വാഹനങ്ങളും വിവിധ ആവശ്യങ്ങൾക്കുമെത്തുന്നവരുടെ വാഹനങ്ങൾ നിറുത്തിയിടാൻ നിലവിൽ മിനി സിവിൽ സ്റ്റേഷനിൽ സൗകര്യമില്ല.

സിവിൽ സ്റ്റേഷൻ പരിസത്തെ പാർക്കിംഗ് നിറയുമ്പോഴാണ് വാഹനങ്ങൾ കോടതി,​ പൊലീസ് സ്‌റ്റേഷൻ, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലേക്കുള്ള പാതയോരങ്ങൾ കൈയേറുന്നത്.

വാഹന പാർക്കിംഗിന് സൗകര്യമൊരുക്കി ജനങ്ങൾക്കുണ്ടാവുന്ന ബുദ്ധിമുട്ട് ദൂരീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

17 സ‌ർക്കാർ ഓഫീസുകളാണ് മഞ്ചേരി മിനി സിവിൽസ്റ്റേഷനിൽ പ്രവർത്തിക്കുന്നത്.