നിലമ്പൂർ: സംസ്ഥാനത്ത് രാത്രി ട്രെയിനുകൾ ഓടാത്ത ഒരേയൊരു പാതയായ നിലമ്പൂർ-ഷൊർണൂർ റെയിൽവേ ലൈനിൽ ഇനി 24 മണിക്കൂറും സർവീസുണ്ടാവും. പാതയിൽ രാത്രിയാത്രയ്ക്ക് അനുമതി നൽകിയതായി സീനിയർ ഓപ്പറേഷൻ മാനേജർ അനന്തരാമൻ അറിയിച്ച കാര്യം പി.വി. അബ്ദുൾ വഹാബ് എം.പിയാണ് പ്രഖ്യാപിച്ചത്.
രാത്രി പത്തുമുതൽ പുലർച്ചെ ആറുവരെ പാതയിൽ നിലവിൽ സർവീസുകളില്ല. യാത്രക്കാരുടെയും നിരവധി സംഘടനകളുടെയും നിവേദനത്തെ തുടർന്ന് പി.വി അബ്ദുൽ വഹാബ് എം.പി തിരുവനന്തപുരത്ത് നടന്ന എം.പിമാരുമായുള്ള റെയിൽവേ ഉന്നത അധികൃതരുടെ കൂടിക്കാഴ്ചയിൽ ഈ വിഷയം അവതരിപ്പിച്ചിരുന്നു. ചെന്നൈ സതേൺ റെയിൽവേ സീനിയർ ഓപ്പറേഷൻ മാനേജർ അനന്തരാമനോട് വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
നിലവിലെ രണ്ടാം പ്ളാറ്റ്ഫോം ഉയർത്തണമെന്ന ആവശ്യവും അനുഭാവ പൂർവം പരിഗണിക്കുമെന്ന് ഡി.ആർ.എം ഉറപ്പു നൽകി.