മലപ്പുറം: ജീവിച്ചിരിക്കെ മാതാവിന് കുഴിമാടം ഒരുക്കിയ കേസിൽ ഒത്തുതീർപ്പിനു തയ്യാറാവാതിരുന്ന മകന്റെ പേരിൽ കേസെടുക്കാൻ തിരൂർ പൊലീസിനോട് കമ്മിഷൻ നിർദ്ദേശിച്ചു. തിരുനാവായ കൊടയ്ക്കൽ സ്വദേശിയും ബി.എസ്.എൻ.എൽ ജീവനക്കാരനുമായ സിദ്ധിഖാണ് എഴുപതുകാരിയായ മാതാവിന് ജീവിച്ചിരിക്കെ കുഴിമാടമൊരുക്കിയത്. ഇയാൾക്കെതിരെ മാതാവ് നേരത്തേ വനിതാ കമ്മിഷനെ സമീപിച്ചിരുന്നു. സ്വത്ത് സംബന്ധമായ തർക്കത്തെ തുടർന്നാണ് മൂത്തമകൻ മാതാവിന് കുഴിമാടമൊരുക്കിയത്. നാട്ടുകാർ, മസ്ജിദ് കമ്മിറ്റി, ബന്ധുക്കൾ തുടങ്ങിയവർ മകനുമായി ചർച്ചകൾ നടത്തിയെങ്കിലും പരാജയപ്പെട്ടു. വിഷയം കമ്മിഷൻ ഏറ്റെടുക്കുകയും കുഴിമാടം മൂടാൻ ഇയാളോട് നിർദ്ദേശിക്കുകയും ചെയ്തു. യാതൊരു തരത്തിലുള്ള ഒത്തുത്തീർപ്പിനും തയ്യാറാവാത്തതിനാലാണ് കമ്മിഷൻ കേസ് പൊലീസിന് കൈമാറിയത്.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗവേഷക വിദ്യാർത്ഥികളെ ഗൈഡ് മാനസികമായി പീഡിപ്പിക്കുന്നുവെന്ന ഗവേഷക വിദ്യാർത്ഥികളുടെ പരാതിയിൽ യൂണിവേഴ്സിറ്റി രജിസ്ട്രാറോട് കമ്മിഷൻ റിപ്പോർട്ട് തേടി. നേരത്തെ യൂണിവേഴ്സിറ്റി അധികൃതർക്ക് വിദ്യാർത്ഥികൾ നൽകിയ പരാതി അന്വേഷിക്കാൻ നിയോഗിച്ച സിൻഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോർട്ടാണ് കമ്മിഷൻ രജിസ്ട്രാറോട് ആവശ്യപ്പെട്ടിട്ടുള്ളത്. പട്ടികജാതിക്കാരായ വിദ്യാർത്ഥികളെ ജാതീയമായി അവഹേളിക്കുന്ന തരത്തിൽ ഗൈഡ് പെരുമാറി എന്നതായിരുന്നു വിദ്യാർത്ഥികൾ യൂണിവേഴ്സിറ്റി അധികൃതർക്ക് നൽകിയ പരാതി. എന്നാൽ യൂണിവേഴ്സിറ്റിയുടെ ഭാഗത്ത് നിന്ന് തൃപ്തികരമായ നടപടിയുണ്ടായില്ലെന്ന് കാണിച്ചാണ് വിദ്യാർത്ഥികൾ കമ്മിഷനെ സമീപിച്ചത്. വളാഞ്ചേരിയിലെ എൽ. പി സ്കൂളിലെ പ്രധാനാദ്ധ്യാപകനെതിരെ അതേ സ്കൂളിലെ അദ്ധ്യാപികമാർ നൽകിയ പരാതിയിൽ വകുപ്പു തല അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ തിരൂർ ഉപജില്ലാ ഡയറക്ടറോട് കമ്മിഷൻ ആവശ്യപ്പെട്ടു.
ഇത്തരം പ്രശ്നങ്ങൾ കൊണ്ട് വിദ്യാലയങ്ങളിലെ പഠനാന്തരീക്ഷം തകർക്കരുതെന്നും വിദ്യാർത്ഥികൾക്ക് ആരോഗ്യകരമായ അന്തരീക്ഷം ഒരുക്കണമെന്നും കമ്മിഷൻ പറഞ്ഞു.
ജില്ല പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ 56 കേസുകൾ പരിഗണിച്ചു. 12കേസുകൾ തീർപ്പാക്കി. 32 കേസുകൾ അടുത്ത അദാലത്തിലേക്കു മാറ്റിവച്ചു. 12 കേസുകൾ പൊലീസിന് കൈമാറി. അടുത്ത അദാലത്ത് ഡിസംബർ 21ന് നടത്തും. വനിത കമ്മിഷൻ അംഗം ഇ.എം. രാധ, അഡ്വ. റീബ എബ്രഹാം, അഡ്വ.രാജേഷ് പുതുക്കാട് എന്നിവർ പങ്കെടുത്തു.