ponnani
സ്‌നേഹിത കോളിംഗ് ബെൽ പദ്ധതിയുടെ ഭാഗമായി പൊന്നാനി ഈഴുവത്തിരുത്തിയിലെ മാമ്പ്ര സരോജിയുടെ വീട്ടിൽ നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണനെത്തിയപ്പോൾ. നഗരസഭ ചെയർമാൻ സി പി മുഹമ്മദ് കുഞ്ഞി സമീപം.

പൊന്നാനി: ഈഴുവത്തിരുത്തിയിലെ മാമ്പ്ര സരോജിനിയുടെ വീട്ടിൽ അപ്രതീക്ഷിതമായൊരു അതിഥിയെത്തി. മറ്റാരുമല്ല നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. സരോജിനിയേട്ടത്തി ഇനി മുതൽ ഒറ്റക്കല്ലെന്ന് അറിയിക്കാനാണ് സ്പീക്കറെ എത്തിയത്. എൺപത് പിന്നിട്ടി സരോജിനി വർഷങ്ങളായി തനിച്ചാണ് താമസം. ഇനിയങ്ങോട്ട് ഒറ്റക്ക് താമസിക്കാൻ വിടില്ലെന്നായിരുന്നു സ്പീക്കർക്ക് പറയാനുണ്ടായിരുന്നത്. എന്നാൽ അങ്ങനെയാകട്ടെയെന്ന് സരോജിനി. എന്തെങ്കിലും ആവശ്യങ്ങളുണ്ടോ എന്നായി സ്പീക്കർ. ഉണ്ടെന്ന് സരോജിനി. റേഷൻ വാങ്ങാൻ മെഷീനിൽ അമർത്തുന്നതിന് മറ്റെന്തെങ്കിലും മാർഗങ്ങൾ ചെയ്തു തരണമെന്ന് സരോജിനി പരിഭവമായി പറഞ്ഞു. അതികം വൈകാതെ പരിഹാരമുണ്ടാകുമെന്ന് സരോജനിയേട്ടത്തിയെ ചേർത്തു പിടിച്ച് സ്പീക്കറുടെ മറുപടി.

കുടുംബശ്രീ മിഷൻ നടപ്പാക്കുന്ന സ്‌നേഹിത കോളിംഗ് ബെൽ പദ്ധതിയുടെ ഭാഗമായാണ് സ്പീക്കർ മാമ്പ്ര സരോജിനിയുടെ വീട്ടിലെത്തിയത്. അയൽക്കൂട്ടങ്ങളുടെ പരിധിയിൽ ഒറ്റപ്പെട്ട് താമസിക്കുന്നവരെ കണ്ടെത്തി അയൽക്കൂട്ട ആരോഗ്യദായക വളണ്ടിയർമാരുടെ നേതൃത്വത്തിൽ അവർക്കാവശ്യമായ മാനസിക പിന്തുണ നൽകുക എന്നതാണ് സ്‌നേഹിത കോളിംഗ് ബെൽ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഒറ്റപ്പെട്ട് കഴിയുന്നവർക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുകയും വർദ്ധക്യ സഹജമായ പരിചരണമില്ലാതെ മരണപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതിക്ക് രൂപം നൽകിയത്. പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ 57555 വ്യക്തികളെയാണ് സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ കണ്ടെത്തിയിൽ. ഇതിൽ 7697 പേർ മലപ്പുറം ജില്ലയിൽ നിന്നാണ്.

രണ്ട് തരത്തിലുള്ളവരെയാണ് പദ്ധതിയിൽ പരിഗണിക്കുന്നത്. സാമൂഹ്യ സാമ്പത്തിക സ്ഥിതി മെച്ചമുള്ളതായിട്ടും ഒറ്റപ്പെട്ട് കഴിയേണ്ടി വരുന്നവർ. മക്കൾ വിദേശത്തുള്ളവരാണ് ഇതിൽപെടുക. സാമൂഹ്യ സാമ്പത്തിക സ്ഥിതി മോശമായ വരും ഒറ്റപ്പെട്ടവരുമാണ് മറ്റൊരു കൂട്ടർ. ആദ്യ വിഭാഗത്തിന് അവർ ഒറ്റക്കല്ലെന്ന തോന്നലുണ്ടാക്കുക മാത്രമാണ് അയൽക്കൂട്ട വളണ്ടിയർമാർക്ക് ചെയ്യാനുള്ളത്. ഇടക്കിടെയുള്ള സൗഹൃദ സന്ദർശനത്തിലൂടെയും ഫോൺ സംഭാഷണങ്ങൾ വഴിയും ഇവരിൽ ഒറ്റക്കല്ലെന്ന തോന്നലുണ്ടാക്കാനാണ് തീരുമാനം. രണ്ടാമത്തെ വിഭാഗത്തിന്റെ മുഴുവൻ ജീവിത കാര്യങ്ങളും അയൽക്കൂട്ടങ്ങൾ ഏറ്റെടുക്കും. മാനസിക പിന്തുണയോടൊപ്പം സാമുഹ്യ സാമ്പത്തിക സൗകര്യങ്ങളും ഇവർ ഒരുക്കും. സംസ്ഥാന സർക്കാർ, തദ്ദേശ ഭരണ സ്ഥാപനങ്ങൾ, സർക്കാർ ഇതര ഏജൻസികൾ, പൗരപ്രമുഖർ എന്നിവരുടെ പിന്തുണയോടെയാണ് ഒറ്റപ്പെട്ടവർക്കായുള്ള സൗകര്യങ്ങളൊരുക്കുക.

പദ്ധതി വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങളാണ് കുടുംബശ്രീ ആസൂത്രണം ചെയ്തിരിക്കുന്നത്.
പദ്ധതിക്കാവശ്വമായ പിന്തുണ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നിന്നും മറ്റുമായി ഉറപ്പു വരുത്തും. ആരും ഒറ്റക്കല്ല; സ്‌നേഹം കൂടെയുണ്ടെന്ന് പദ്ധതിയുടെ ഭാഗമാകുന്നവരെ ബോധ്യപ്പെടുത്തും. ആദ്യ പട്ടികയിൽ ഉൾപ്പെടാത്തവരെ കണ്ടെത്തി പട്ടിക വിപുലപ്പെടുത്തും. പദ്ധതിയുടെ ഭാഗമാകുന്ന അയൽക്കൂട്ടങ്ങൾക്ക് സാമൂഹ്യ വിദ്യഭ്യാസം നൽകും. പിന്തുണാ സ്വീകർത്താക്കളുടെ വ്യക്തിഗത പ്ലാൻ തയ്യാറാക്കിയായിരിക്കും പദ്ധതിയുമായി മുന്നോട്ടു പോകുക. അഗതികളില്ലാത്ത കേരളമെന്നതാണ് ലക്ഷ്യമിടുന്നത്.