nnn
llll

മലപ്പുറം: വെള്ളിയാറിൻ തീരത്തിനി ആറുനാൾ ജില്ലയിലെ കൗമാരപ്രതിഭകളുടെ കലാമാമാങ്കം. ഇന്നാരംഭിക്കുന്ന മേള ഞായറാഴ്ച്ച വരെ നീളും. പ്രധാന വേദിയായ ആർ.എം എച്ച്.എസ്.എസ് മൈതാനമടക്കം 17 വേദികൾ സജ്ജീകരിച്ചു. വെള്ളിയാർ നദിയുടെ പേരാണ് പ്രധാന വേദിക്ക്. നൃത്ത, സംഗീത ബന്ധമുള്ള പേരുകളാണ് മറ്റ് 16 വേദികൾക്കും.
ഇന്ന് സ്റ്റേജിതര മത്സരങ്ങളാണ് നടക്കുക. വൈകിട്ട് നാലിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്ണൻ മേളയ്ക്ക് തിരിതെളിക്കും. ഉദ്ഘാടനശേഷം പ്രധാന വേദിയിൽ ഓട്ടൻതുള്ളൽ മത്സരം നടക്കും.

24ന് വൈകിട്ട് ആറിന് സമാപന സമ്മേളനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കടുങ്ങപുരം എച്ച്.എസ്.എസിലെ കെ. നിഹാലാണ് കലോത്സവ മുദ്ര രൂപകൽപ്പന ചെയ്തത്.

ഹരിതപ്രോട്ടോക്കോൾ

കലോത്സവ വേദികളും പരിസരവും പൂർണ്ണമായും പ്ലാസ്റ്റിക് മുക്തമാക്കും.

ഹരിത പ്രോട്ടോക്കോൾ ചട്ടങ്ങൾ കർശനമായി പാലിക്കും

പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ വേദികളിലും പരിസരങ്ങളിലും ലഘുലേഖകൾ വിതരണം ചെയ്യും

കലോത്സവ നഗരിയിൽ ഉപയോഗിക്കേണ്ടതും പാടില്ലാത്തതുമായ വസ്തുക്കളുടെ പട്ടിക പ്രദർശിപ്പിക്കും.

ജൈവ, അജൈവ മാലിന്യങ്ങൾ വേർതിരിച്ച് നിക്ഷേപിക്കാനായി വേദികൾക്കരികെ രണ്ട് നൂൽചാക്കുകൾ സ്ഥാപിക്കും.

പ്രധാന വേദിക്ക് സമീപം തെങ്ങോല, പനയോല എന്നിവയുപയോഗിച്ച് നിർമ്മിക്കുന്ന ഗ്രീൻപ്രോട്ടോക്കോൾ ഓഫീസ് പ്രവർത്തിക്കും. ഇവിടെ എല്ലാ സമയത്തും കുടിവെള്ള വിതരണമുണ്ടാവും.


ഊട്ടുപുര സജ്ജം
ഒരേസമയം ആയിരം പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന വിധത്തിൽ സൗകര്യങ്ങൾ ഊട്ടുപുരയിൽ ഒരുക്കിയതായി സംഘാടകർ അറിയിച്ചു. ഭക്ഷണ വിതരണത്തിനും മേൽനോട്ടത്തിനുമായി 150 അദ്ധ്യാപകരെ നിയോഗിച്ചിട്ടുണ്ട്. ഊട്ടുപുരയിലെ തിരക്ക് കുറയ്ക്കാൻ ഇതു സഹായകമാവും. പ്രധാന വേദിക്ക് സമീപമാണ് ഊട്ടുപുര. ഡിസ്‌പോസിബിൽ പ്ലേറ്റ് പൂർണ്ണമായും ഒഴിവാക്കി. പാലക്കാട് വിനോദ് സ്വാമിയുടെ നേതൃത്വത്തിലാണ് ഭക്ഷണമൊരുക്കുന്നത്.

പേരും വേദികളും
1 വെള്ളിയാർ - ആർ.എം. എച്ച്.എസ്.എസ്
2 അഭിനയ- പഞ്ചായത്ത് മിനി സ്റ്റേഡിയം
3 അവനി - പഞ്ചായത്ത് മിനി സ്റ്റേഡിയം
4 കളിയരങ്ങ് - റെയിൽവേ സ്റ്റേഷന് സമീപത്തെ മൈതാനം
5 ചിലങ്ക - ജെംസ് കോളേജ്, ചോലക്കുളം
6 പല്ലവി - ടി.എം ജേക്കബ് സ്മാരക സ്‌കൂൾ ചോലക്കുളം
7 മോഹനം- ആർ.എം. എച്ച്.എസ്.എസ്.
8 ഇശൽ - ആർ.എം. എച്ച്.എസ്.എസ് ഓപ്പൺ സ്റ്റേഡിയം
9 കേദാരം - മേലാറ്റൂർ ബ്ലോസം നഴ്സറി
10 അഷർ - എ.എം.എൽ.പി സ്‌കൂൾ മേലാറ്റൂർ
11 ഷഹനായി - എ.എം.എൽ.പി. സ്‌കൂൾ മേലാറ്റൂർ
12 നീലാംബരി - വി.കെ. ഓഡിറ്റോറിയം മേലാറ്റൂർ
13 മഴവില്ല് - ഖാദി കേന്ദ്രം പുല്ലിക്കുത്ത്
14 ഭരതം - ആർ.എം. സ്‌കൂൾ ഹാൾ മേലാറ്റൂർ
15 ഷഹാന - വ്യാപാര ഭവൻ മേലാറ്റൂർ
16 മയൂരം - ടി.എം. ജേക്കബ് സ്മാരക സ്‌കൂൾ ഹാൾ ചോലക്കാട്
17 ശംഖൊലി - ജി.എം.എൽ.പി.എസ് ചെമ്മാണിയോട്.

17 ഉപജില്ലകൾ കലോത്സവത്തിൽ അണിനിരക്കും

8000ത്തിലേറെ പ്രതിഭകൾ മാറ്റുരയ്ക്കും

മത്സരങ്ങളെല്ലാം സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ഊന്നൽ നൽകും. ഇതിനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്

സംഘാടക സമിതി