പൊന്നാനി: കെ.ജി. ജോർജ്ജിന്റെ കന്നിച്ചിത്രമായിരുന്ന സ്വപ്നാടനത്തിന്റെ നിർമ്മാതാവ് മാറഞ്ചേരി സ്വദേശി ടി. മുഹമ്മദ് ബാപ്പു എന്ന പാർസി മുഹമ്മദ് (82) അന്തരിച്ചു. മൂന്നുമാസക്കാലമായി അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് എടപ്പാൾ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 1999ൽ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജീവ്ഗാന്ധി ഫൗണ്ടേഷന്റെ രാജീവ് ഗാന്ധി അവാർഡ്, 2011 ൽ ജേസി ഫൗണ്ടേഷൻ അവാർഡ്, 2016 ൽ മീഡിയാ സിറ്റി ഫിലിം ടെലിവിഷൻ അവാർഡ്, എ.സി.കെ. മുഹമ്മദ് സ്മാരക അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മുഹമ്മദ് റാഫി, കിഷോർകുമാർ, ലതാ മങ്കേഷ്കർ, ആശാ ഭോസ്ലെ തുടങ്ങിയവരുടെ സൗഹൃദവലയത്തിലൂടെ ശ്രദ്ധേയനായിരുന്നു പാർസി മുഹമ്മദ്. കലാ സാംസ്കാരിക പ്രവർത്തനങ്ങളിൽ ജീവിതാവസാനം വരെ സജീവമായിരുന്നു ഈ കലാസ്നേഹി. നിരവധി സന്നദ്ധ സംഘടനകളിലും കലാസംഘടനകളിലും സജീവമായിരുന്നു. ഭാര്യ: കോമുണ്ടത്തേൽ ഖദീജ, ആമിന (മുംബൈ). മക്കൾ: അഷറഫ് മുഹമ്മദ്, നസീർ മുഹമ്മദ് (സൗദി), രേഷ്മ, പ്രവീണ, ഷെരീഫ് മുഹമ്മദ്, മുംതാസ് (ഇരുവരും മുംബൈ). മരുമക്കൾ: റഫീഖ്, റഷീദ്, റംല, ഷെഹ്റിൻ. സഹോദരൻ: പരേതനായ തൊട്ടിയിൽ അബൂബക്കർ. ഖബറടക്കം ചൊവ്വാഴ്ച നാലിന് മാറഞ്ചേരി നീറ്റിക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.