തേഞ്ഞിപ്പലം :കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ.കെ.മുഹമ്മദ് ബഷീറും പ്രോവൈസ് ചാൻസലർ ഡോ.പി.മോഹനും നാളെ പടിയിറങ്ങുന്നു. കഴിഞ്ഞ നാല് വർഷം സമരകോലാഹലങ്ങളില്ലാതെ കാമ്പസ് അന്തരീക്ഷം നിർമ്മിച്ചെടുക്കാനായെന്ന ചാരിതാർത്ഥ്യത്തോടെയാണ് ഇരുവരും വിട പറയുന്നത്.2016ൽ നാകിന്റെ സൈക്കിൾ മൂന്ന് അക്രഡിറ്റേഷനിൽ 'എ' ഗ്രേഡും എൻ.ഐ.ആർ.എഫ് റാങ്കിംഗിൽ രാജ്യത്തെ സർവകലാശാലകളിൽ 64ാം റാങ്ക് നേടാനായതും ഇരുവരുടെയും പ്രവർത്തനത്തിന്റെ മികവ് വിളിച്ചോതുന്നു. ഡോ. മുഹമ്മദ് ബഷീറിന്റെ പരിചയസമ്പത്തും മാനേജ്മെന്റ് വിദഗ്ദ്ധൻ കൂടിയായ പ്രൊഫ.പി.മോഹനന്റെ സംഘാടക മികവും നല്ല രീതിയിലുള്ള പ്രവർത്തനത്തിന് മിഴിവേകി.
അക്കാദമിക രംഗത്തും സ്പോർട്സ് രംഗത്തും അടിസ്ഥാന സൗകര്യ വികസനത്തിലും കാലിക്കറ്റിനെ മുൻപന്തിയിലെത്തിക്കാൻ ഇവരുടെ കൂട്ടുകെട്ടിനായി. അക്കാദമിക് മാസ്റ്റർ പ്ലാൻ, സിലബസ് പരിഷ്കരണം എന്നിവയ്ക്ക് മുൻകൈയെടുത്തു. ഫോറൻസിക് സയൻസ്, ക്രിമിനോളജി, ഗ്രാഫിക് ഡിസൈനിംഗ് തുടങ്ങി ധാരാളം പുതിയ കോഴ്സുകൾക്ക് തുടക്കം കുറിച്ചതും ഇവരുടെ കാലത്തായിരുന്നു. കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെന്റ് ആന്റ് റീഹാബിലിറ്റേഷൻ പ്രോഗ്രാമിന് തുടക്കം കുറിച്ചതിന് പിന്നിൽ വി.സിയുടെ പരിശ്രമങ്ങളുണ്ട്
ഡോ. മുഹമ്മദ് ബഷീർ
25 വർഷത്തെ അദ്ധ്യാപന പരിചയമുള്ള ഡോ.കെ.മുഹമ്മദ് ബഷീർ കേരള സർവകലാശാല രജിസ്ട്രാറായി സേവനമനുഷ്ഠിക്കവെയാണ് കാലിക്കറ്റ് വൈസ് ചാൻസലറായി ചാർജ്ജെടുത്തത്.
കാമ്പസിൽ പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്ത പരിചയസമ്പത്തുമായാണ് പുത്തൂർ പള്ളിക്കൽ സ്വദേശി കൂടിയായ ഡ ഡോ. മുഹമ്മദ് ബഷീർ വി.സി സ്ഥാനമേറ്റെടുത്തത്
ഡോ.പി.മോഹൻ
സർവകലാശാല കൊമേഴ്സ് ആന്റ് മാനേജ്മെന്റ് പഠനവകുപ്പിൽ പ്രൊഫസറായിരിക്കെയാണ് പ്രോവൈസ് ചാൻസലറായി ചുമതലയേറ്റത്.
30 വർഷത്തെ അദ്ധ്യപന പരിചയമുണ്ട്. പി.ജി, പി.എച്ച്.ഡി എന്നിവ കാലിക്കറ്റിൽ നിന്ന് തന്നെയാണ് നേടിയത്.
കോഴിക്കോട് ജില്ലയിലെ ചെലവൂർ സ്വദേശിയാണ് .