കെ.വി. നദീർ
പൊന്നാനി: സ്വപ്നാടനം പോലെയൊരു ജീവിതം ജീവിച്ചു തീർത്താണ് പാർസി മുഹമ്മദ് തിരശ്ശീലക്ക് പിന്നിലേക്ക് മറഞ്ഞത്. ദേശീയാംഗീകാരംനേടിയ 'സ്വപ്നാടനം' സിനിമയുടെ നിർമ്മാതാവിന്റെ സംഭവബഹുലമായ ജീവിതം സിനിമയെ വെല്ലുന്ന ത്രില്ലറാണ്.
മാറഞ്ചേരിയെന്ന കൊച്ചുഗ്രാമത്തിൽനിന്നാണ് തുടക്കം. ജീവിതം തുന്നിച്ചേർക്കാൻ മുംബൈയിലെത്തി. തെരുവുഗുണ്ടകൾ മുതൽ കലാസാംസ്കാരിക ലോകത്തെ മാസ്മരിക പ്രതിഭകൾ വരെ അതിലുണ്ടായിരുന്നു. മുഹമ്മദ് റാഫി, കിഷോർകുമാർ, ലതാ മങ്കേഷ്കർ, ആശാ ഭോസ്ലെ തുടങ്ങിയവരുടെ സൗഹൃദവലയം പാർസി മുഹമ്മദിനുണ്ടായിരുന്നു.
ജീവിക്കാനായി മുംബൈയിലെത്തി കിട്ടിയ ജോലികളൊക്കെ ചെയ്യുന്നതിനിടയിൽ പാർസികൾ കൂടുതലായി ജീവിക്കുന്ന തെരുവിൽവച്ച് സാധാരണക്കാരനായ ഒരാളെ ഗുണ്ടയിൽനിന്ന് രക്ഷപ്പെടുത്തിയതോടെയാണ് പാർസി മുഹമ്മദ് ജനിക്കുന്നത്. നിരവധി അധോലോക നായകരുമായുള്ള ബന്ധം വളരാൻ ഇത് കാരണമായി . ഹാജി മസ്താൻ, കരീം ലാല, വരദരാജ മുതലിയാർ തുടങ്ങിയവരും ഇതിൽപ്പെടും. 40 അംബാസിഡർ കാറുകൾ വരെ ഒരേ സമയം അദ്ദേഹത്തിനുണ്ടായിരുന്നു.
നിരവധി ഹിന്ദി ചിത്രങ്ങളും നിർമ്മിച്ചു. ലുബ്നയിലെ ഗാനങ്ങളാലപിച്ചത് മുഹമ്മദ് റഫി, യേശുദാസ്, ആശാ ഭോസ്ലെ, ലത മങ്കേഷ്കർ എന്നിവരായിരുന്നു. ബാപ്പുവുമായുള്ള സൗഹൃദത്തിന്റെ പേരിൽ അന്ന് 50,000 രൂപ പ്രതിഫലമുണ്ടായിരുന്ന റാഫി 10,000 രൂപ മാത്രമാണ് കൈപ്പറ്റിയത്. മറ്റുളളവരെല്ലാം സൗജന്യമായും ഇദ്ദേഹത്തിന്റെ ചിത്രത്തിൽ പാടി.
ഹാർമോണിസ്റ്റായി മുംബെയിലെത്തിയ ഇസ്മയിലെന്ന ചെറുപ്പക്കാരനെ ജിതിൻശ്യാമെന്ന പ്രശസ്ത സംഗീത സംവിധായകനാക്കിയത് പാർസി മുഹമ്മദായിരുന്നു.
സ്വപ്നാടനത്തിലേക്ക്
മുംബെയിൽ സ്വന്തമായി ഫ്ളാറ്റുകൾ സ്വന്തമാക്കിയ ഇദ്ദേഹത്തിന്റെ സന്ദർശകരിൽ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടായിരുന്ന ജോൺ എബ്രഹാം, അരവിന്ദൻ തുടങ്ങി ഒട്ടേറെ പ്രതിഭകളുമുണ്ടായിരുന്നു.
ഈ പരിചയത്തിലൂടെയാണ് സ്വപ്നാടനം സിനിമ നിർമ്മിക്കാനുള്ള ധൈര്യം ഇദ്ദേഹത്തിനു ലഭിക്കുന്നത്.
കെ.ജി. ജോർജെന്ന അനുഗൃഹീത സംവിധായകനെ മലയാളത്തിൽ ശ്രദ്ധേയനാക്കിയത് പാർസിയുടെ സ്വപ്നാടനമായിരുന്നു.
പ്രമുഖ സൈക്കോളജിസ്റ്റും എഴുത്തുകാരനും മാറഞ്ചേരി സ്വദേശിയുമായിരുന്ന സൈക്കോ മുഹമ്മദിന്റെ കേസ് ഡയറിയാണ് സ്വപ്നാടനമെന്ന സിനിമയായി മാറിയത്.
സിനിമയുടെ കഥയിലേക്കെത്തിയത് പാർസി മുഹമ്മദും സൈക്കോ മുഹമ്മദും തമ്മിലുള്ള ബന്ധമായിരുന്നു.
ഏറ്റവും നല്ല സിനിമയ്ക്കുള്ള ദേശീയ സംസ്ഥാന പുരസ്കാരം ചിത്രം നേടി.