ഇന്ന് മസ്റ്ററിംഗ് നടക്കില്ല
മലപ്പുറം: മതിയായ സൗകര്യങ്ങൾ ഒരുക്കാത്തതിനൊപ്പം ഇന്റർനെറ്റ് തകരാർ കൂടിയായതോടെ സാമൂഹ്യക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ വിവര ശേഖരണത്തിന് (ബയോമെട്രിക് മസ്റ്ററിംഗ്) അക്ഷയ സെന്ററുകളിലെത്തുന്നവർ വലയുന്നു. അപേക്ഷകരുടെ ബാഹുല്യം മൂലം വെബ്സൈറ്റ് തുടർച്ചയായി തകരാറിലായതോടെ അതിരാവിലെ മുതൽ വരിനിന്നവർക്ക് പോലും മസ്റ്ററിംഗ് നടത്താനാവാതെ മടങ്ങേണ്ടിവരുന്നുണ്ട്. ഇതോടെ ജില്ലയിലെ ഇന്നത്തെ മസ്റ്ററിഗ് പ്രവർത്തനങ്ങൾ മാറ്റിവച്ചു. നാഷണൽ ഇൻഫൊർമാറ്റിക് സെന്റർ (എൻ.ഐ.സി) വികസിപ്പിച്ച jeevanrekha.gov.in എന്ന വെബ്സൈറ്റിലൂടെയാണ് വിവരശേഖരണം നടത്തേണ്ടത്. സെർവറിന്റെ ശേഷി വർദ്ധിപ്പിച്ച് പ്രശ്നം പരിഹരിക്കാനാണ് എൻ.ഐ.സിയുടെ തീരുമാനം. നാളെ മുതൽ വീണ്ടും മസ്റ്ററിംഗ് തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ. മസ്റ്ററിംഗ് ചെയ്യുന്നവർക്കേ അടുത്ത ഗഡു മുതൽ പെൻഷൻ ലഭിക്കൂ. ക്ഷേമ പെൻഷൻ വാങ്ങുന്നവർ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാനാണ് മസ്റ്ററിംഗ് . ഗുണഭോക്താവ് മരിച്ചിട്ടും ബന്ധുക്കൾ പെൻഷൻ കൈപ്പറ്റുന്നതായി കണ്ടെത്തിയതോടെയാണ് വിവരശേഖരണത്തിന് സർക്കാർ നടപടിയെടുത്തത്.
വേണം കൂടുതൽ സൗകര്യങ്ങൾ
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജില്ലയിൽ മസ്റ്ററിംഗിന് തുടക്കമിട്ടത്. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ തുടങ്ങിയ പ്രവർത്തനം പെൻഷൻ ഗുണഭോക്താക്കളെ ഏറെ വലച്ചു. പ്രായമായവർ മണിക്കൂറുകളോളം അക്ഷയ കേന്ദ്രങ്ങൾക്ക് മുന്നിൽ വരിനിൽക്കേണ്ടിവന്നു. കെട്ടിടങ്ങളുടെ മുകൾനിലയിലുള്ള അക്ഷയ കേന്ദ്രങ്ങളിലേക്കെത്താനും പ്രയാസമനുഭവപ്പെട്ടു ഇതിനു പരിഹാരമായി രണ്ടും അതിലധികവും വാർഡുകളൊന്നിച്ച് തദ്ദേശസ്ഥാപന ഓഫീസുകൾക്ക് സമീപം ക്യാമ്പ് നടത്താനാണ് തീരുമാനം. എന്നാൽ ഓരോ വാർഡുകൾക്കും അതത് പ്രദേശങ്ങളിൽ പ്രത്യേക ക്യാമ്പുകൾ നടത്തണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.
സമയം നീട്ടി
അക്ഷയ കേന്ദ്രങ്ങളിലെ തിരക്കും സാങ്കേതിക തകരാറുകളും മൂലം മസ്റ്ററിംഗ് തീയതി ഡിസംബർ 15 വരെ സർക്കാർ നീട്ടി.
കിടപ്പുരോഗികളുടെ മസ്റ്ററിംഗ് അക്ഷയ കേന്ദ്രം പ്രതിനിധികൾ ഡിസംബർ 11 മുതൽ 15 വരെ വീട്ടിൽ വന്ന് ചെയ്യും. ഇവരുടെ വിവരങ്ങൾ കുടുംബാംഗം ഡിസംബർ ഒമ്പതിനകം തദ്ദേശസ്ഥാപന സെക്രട്ടറിയെ അറിയിക്കണം.
കിടപ്പുരോഗികളുടെ ലിസ്റ്റ് സെക്രട്ടറി ബന്ധപ്പെട്ട അക്ഷയ കേന്ദ്രത്തെ 10നകം അറിയിക്കണം.
വെബ് സൈറ്റ് സ്ഥിരമായി തകരാറിലാവുന്നത് എൻ.ഐ.സിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരമാണ് ഇന്നത്തെ മസ്റ്ററിംഗ് മാറ്റി വച്ചത്.
ജില്ല അക്ഷയ കേന്ദ്രം അധികൃതർ
ഡിസംബർ 15 വരെ മസ്റ്ററിംഗ് നടത്താം