മേലാറ്റൂർ: 32-ാമത് ജില്ലാ സ്കൂൾ കലോത്സവത്തിന് മേലാറ്റൂർ ആർ.എം എച്ച്.എസ്.എസിൽ അരങ്ങുണർന്നു. ഇനിയുള്ള നാളുകൾ കൗമാര പ്രതിഭകൾ ആടിയും പാടിയും അഭിനയിച്ചും മേലാറ്റൂരിൽ സർഗ്ഗവസന്തോത്സവം തീർക്കും. പ്രധാനവേദിയിൽ ഓട്ടൻതുള്ളൽ മത്സരത്തോടെയാണ് കലോത്സവം തുടങ്ങിയത്. വിവിധ വേദികളിലായി ചിത്രരചന, കഥാരചന, കവിതാരചന, ഉപന്യാസം, ഗദ്യ പാരായണം, പ്രശ്‌നോത്തരി, പോസ്റ്റർ നിർമ്മാണം, പദകേളി, പ്രസംഗം തുടങ്ങിയ മത്സരങ്ങളും നടന്നു. തൊണ്ണൂറോളം ഇനങ്ങളിലാണ് ആദ്യ ദിവസം മത്സരങ്ങൾ നടന്നത്. മേളയുടെ രണ്ടാംദിവസമായ ഇന്ന് ബാൻഡ് മേളം മത്സരം മാത്രമാണുള്ളത്. മൂന്നാം ദിവസമായ വ്യാഴാഴ്ച കഥകളി, പൂരക്കളി, പരിചമുട്ടുകളി, ഒപ്പന, വട്ടപ്പാട്ട്, ചാക്യാർകൂത്ത്, നങ്ങ്യാർകൂത്ത്, കേരളനടനം തുടങ്ങിയ നൃത്ത ഇന മത്സരങ്ങൾ അരങ്ങേറും. മാപ്പിളപ്പാട്ട്, മിമിക്രി, മോണോ ആക്ട്, ദേശഭക്തിഗാനം, സംഘഗാനം, അഷ്ടപതി തുടങ്ങിയ മത്സരങ്ങളും വിവിധ വാദ്യോപകരണങ്ങളുടെ മത്സരങ്ങളും മൂന്നാം ദിവസം നടക്കും.അഞ്ച് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ 17 ഉപജില്ലകളിൽ നിന്നായി 11,000ത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കുന്നുണ്ട്. ഞായറാഴ്ചയാണ് കലോത്സവം സമാപിക്കുക.
വ്യക്തിഗത ഇനക്കാർക്കായി 900 ട്രോഫികൾ
മേലാറ്റൂർ: മേലാറ്റൂരിൽ നടക്കുന്ന മലപ്പുറം ജില്ലാ സ്‌കൂൾ കലോത്സവത്തിലെ വിജയികൾക്ക് വ്യക്തിഗത ഇനത്തിൽ നൽകുന്നത് 900 ട്രോഫികൾ. വിജയികൾക്ക് 21 ഓവറോൾ ട്രോഫികളും നൽകും. കലോത്സവ സംഘാടകരും അദ്ധ്യാപകരും ഒന്നിച്ചിറങ്ങി 900 വ്യക്തിഗത ട്രാഫികൾക്ക് സ്‌പോൺസർമാരെ കണ്ടെത്തുകയായിരുന്നു. വ്യക്തിഗത ട്രോഫികളും ട്രോഫി മുറിയിൽ വിതരണത്തിന് സജ്ജമാക്കി. ട്രോഫി കമ്മിറ്റി ചെയർമാൻ അജിത്ത് പ്രസാദിന്റെയും കൺവീനർ പി.ടി പ്രദീപിന്റയും നേതൃത്വത്തിൽ അമ്പതോളം അദ്ധ്യാപകരാണ് ട്രോഫികൾ എത്തിച്ചത്. വ്യക്തിഗത ട്രോഫികളുടെ സർട്ടിഫിക്കറ്റുകളും നൽകുന്നുണ്ട്. അറബിക് സാഹിത്യോത്സവം, സംസ്‌കൃതോത്സവം, ജനൽ, ഓവറോൾ വിഭാഗങ്ങളിൽ വിജയികൾക്ക് 21 ഓവറോൾ ട്രോഫികളും നൽകും.
തുള്ളാൻ മത്സരാർത്ഥികളില്ല
മേലാറ്റൂർ: ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഓട്ടൻതുള്ളൽ മത്സരത്തിൽ മത്സരാർത്ഥികളുടെ പങ്കാളിത്തം കുറഞ്ഞു. യുപി വിഭാഗത്തിൽ മൂന്നുപേരും ഹയർസെക്കൻഡറി പെൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നുപേരും ഹൈസ്‌കൂൾ വിഭാഗം ആൺകുട്ടികളുടെ മത്സരത്തിൽ അഞ്ച് പേരും ഹയർസെക്കന്ററി വിഭാഗത്തിൽ മൂന്നുപേരും മാത്രമാണ് പങ്കെടുത്തത്. ജില്ലാ കലോത്സവത്തിൽ ആദ്യദിവസം നൃത്തങ്ങളിൽ ഓട്ടൻതുള്ളൽ മാത്രമാണ് നടന്നത്. അതേസമയം ഹൈസ്‌കൂൾ വിഭാഗം പെൺകുട്ടികളുടെ മത്സരത്തിൽ 12 ഉപജില്ലകളിൽ നിന്നും മത്സരാർത്ഥികൾ പങ്കെടുത്തു. പക്ക വാദ്യക്കാർ വേണ്ടി വരുന്നതും അഭ്യസിക്കുന്നതിന് വലിയ ചെലവ് വരുന്നതും കാരണമാണ് മത്സരാർത്ഥികൾ കുറയുന്നത്. കലാശ്രീ കലാമണ്ഡലം വാസുദേവൻ, കലാമണ്ഡലം കവിത ഗീതാനന്ദൻ, സരിത കുഞ്ചൻ സ്മാരകം എന്നിവരായിരുന്നു ഓട്ടൻതുള്ളൽ മത്സരത്തിന് വിധികർത്താക്കളെത്തിയത്. ഓട്ടൻതുള്ളൽ മത്സരം മികച്ച നിലവാരം പുലർത്തിയതായി വിധികർത്താക്കൾ അഭിപ്രായപ്പെട്ടു