വളാഞ്ചേരി: ബിനാമി രജിസ്‌ട്രേഷനിലൂടെ ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ കോടികളുടെ ജി.എസ്.ടി തട്ടിപ്പ് നടത്തിയ കേസിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊന്നാനി സ്വദേശികളായ റാഷിദ് റഫീഖിനെയും ഫൈസൽ നാസറിനെയുമാണ് കസ്റ്റഡിയിലെടുത്തത്. മറ്റൊരു പ്രതി മുഹമ്മദ് ഒളിവിലാണ്. പ്രതികളുടെ പൊന്നാനിയിലെ വീട്ടിൽ പൊലീസ് ഒരേസമയം നടത്തിയ റെയ്ഡിൽ നോട്ടെണ്ണുന്ന യന്ത്രവും വ്യാജ ചെക്കുകളും പിടിച്ചെടുത്തു. പലരിൽ നിന്നായി 107 കോടി രൂപയുടെ ഇടപാടുകളുടെ ജി.എസ്.ടി ബിൽ ട്രേഡിൽ തട്ടിപ്പു നടത്തിയെന്ന് പൊലീസ് പറഞ്ഞു.

വ്യാജ കമ്പനികളുണ്ടാക്കി കോടികളുടെ അടയ്ക്കാ കച്ചവടം നടത്തിയതായി കൃത്രിമരേഖ നിർമ്മിച്ചാണ് പണം തട്ടിയത്. കയറ്റുമതിയുടെ വ്യാജരേഖകൾ നൽകി ജി.എസ്.ടിയിൽ നിന്ന് അഞ്ചു ശതമാനം സ്വന്തം അക്കൗണ്ടിലേക്ക് ഇൻപുട്ട് നികുതിയായി എത്തിച്ചായിരുന്നു തട്ടിപ്പ്. കൊട്ടടയ്ക്കയും തേങ്ങയും കയറ്റുമതി ചെയ്യുന്ന കമ്പനിയെന്ന് പറഞ്ഞാണ് നിക്ഷേപകരെ സമീപിച്ചിരുന്നത്. ജി.എസ്.ടി അക്കൗണ്ട് നിർമ്മിക്കുന്നതും സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്നതുമെല്ലാം പ്രതികളായിരുന്നു.

വളാഞ്ചേരി എടയൂർ സ്വദേശി യൂസഫിന്റെ പരാതിയിലാണ് വളാഞ്ചേരി പൊലീസ് കേസെടുത്തത്. ജി.എസ്.ടി തുക അടയ്ക്കാതായതിനെ തുടർന്ന് ഉദ്യോഗസ്ഥർ പരാതിക്കാരനെ സമീപിച്ചതോടെയാണ് വഞ്ചിക്കപ്പെട്ട വിവരം അറിയുന്നത്.