മഞ്ചേരി: മലബാറിൽ ബ്രിട്ടീഷ് പട്ടാളത്തിന്റെ ഉറക്കം കെടുത്തിയ ധീരനായ സ്വാതന്ത്രസമര പോരാളി നെല്ലിക്കുത്ത് ആലി മുസ്ലിയാരുടെ നാമധേയത്തിൽ പിറവിയെടുത്ത സ്മാരകം ഇന്ന് നാശത്തിന്റെ വക്കിലാണ്. സ്മാരകത്തിലേക്ക് അധികൃതർ തിരിഞ്ഞു നോക്കാതെയായതോടെ യുവതലമുറയിലേക്ക് പകരേണ്ട പോരാട്ട ചരിത്രം കൂടിയാണ് വിസ്മൃതിയിലാവുന്നത്.
ഒരു ജനതയ്ക് മുഴുവൻ ആത്മാഭിമാനം പകർന്ന പോരാളിയുടെ പേരിൽ പടുത്തുയർത്തിയതാണ് മഞ്ചേരി നെല്ലിക്കുത്തിലെ ആലി മുസ്ലിയാർ സ്മാരകം. ഏകദേശം 50 ഓളം പേർക്ക് ഇരിക്കാനുംചെറിയ പ്രാദേശിക യോഗങ്ങൾ ചേരാനും സൗകര്യമുള്ള ഹാളിൽ ഫർണ്ണിച്ചറുകളും കസേരകളും തുടക്കത്തിൽ തന്നെ ലഭ്യമാക്കിയങ്കിലും പിന്നീടാരും അങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല. വൈദ്യുതി ഉണ്ടായിട്ടും ലൈറ്റുകളും ഫാനുകളും ഇവിടെ സ്ഥാപിച്ചിട്ടില്ല. കാലപ്പഴക്കം കാരണം വയറിംഗ് സംവിധാനങ്ങളും നാശത്തിന്റെ വക്കിലാണിപ്പോൾ.
രണ്ടു മണി മുതൽ ആറു മണി വരെ പ്രവർത്തിക്കുന്ന ഗ്രന്ഥശാലയുടെ നടത്തിപ്പിന് വേണ്ടി ലൈബ്രറി കൗൺസിൽ നാട്ടുകാരുടെ ഇടയിൽ നിന്ന് തന്നെ ഒരു താത്കാലിക ജീവനക്കാരനെ നിയമിച്ചിട്ടുണ്ട്. തുച്ഛമായ ശമ്പളത്തിൽ സേവനമനോഭാവം കൊണ്ട് മാത്രമാണ് ജീവനക്കാരൻ നിന്ന് പോവുന്നത് .വെള്ളമില്ലാത്തതിനാൽ ശൗചാലയ സൗകര്യങ്ങളും ഇവിടെ ഇതുവരെ ഒരുക്കാനായിട്ടില്ല.
ആലി മുസ്ലിയാർ സ്മാരകത്തിന്റെ പുനരുദ്ധാരണത്തിനു എല്ലാ വർഷവും ബഡ്ജറ്റിൽ നഗരസഭ ഫണ്ട് നീക്കിവയ്ക്കുന്നെങ്കിലും പദ്ധതികൾ ഒന്നും കാര്യമായി നടന്നിട്ടില്ല.
നഗരസഭയുടെ വേണ്ട രീതിയിലുള്ള ഇടപെടലുകളിലൂടെ ഈ സൗധം സാമൂഹിക സംസ്കാരിക നിലയമായി ഉയർത്തണമെന്നാണു നാട്ടുകാരുടെ ആവശ്യം.