മേലാറ്റൂർ: കൗമാരകലയുടെ കേളികൊട്ട് മേലാറ്റൂരിന് ആഘോഷ പ്പൊലിമയേകിയപ്പോൾ റവന്യൂ ജില്ലാ കലോത്സവത്തിന്റെ രണ്ടാം ദിനം ജനകീയമായി.16 വേദികളിലായി 52 ഇനങ്ങളിൽ 2696 മത്സരാർത്ഥികളാണ് വ്യാഴാഴ്ച്ച കലോത്സവത്തിൽ മാറ്റുരച്ചത്. ജനകീയ മത്സര ഇനങ്ങളായ ഒപ്പന, മാപ്പിളപ്പാട്ട്, മിമിക്രി, മോണോ ആക്ട് എന്നിവ അരങ്ങേറിയ മുഖ്യവേദികളിൽ നിറഞ്ഞ ജനപങ്കാളിത്തമാണ് മേളയെ വർണ്ണാഭമാക്കിയത്.കൂടാതെ കഥകളി, പൂരക്കളി, പരിചമുട്ട്, മദ്ദളം, ചെണ്ടമേളം, വട്ടപ്പാട്ട്, ചാക്യാർകൂത്ത്, നങ്ങ്യാർ കൂത്ത്, മൃദംഗം, തബല, കേരള നടനം, തുടങ്ങിയവയും വ്യാഴാഴ്ച്ച നടന്നു.
മേളയുടെ മൂന്നാം ദിവസമായ ഇന്ന് ശാസ്ത്രീയ നൃത്ത ഇനങ്ങളായ ഭരതനാട്യം, കുച്ചുപ്പിടി തുടങ്ങിയവയും ജനകീയ ഇനങ്ങളായ തിരുവാതിരക്കളി മോണോ ആക്ട് ,നാടകം തുടങ്ങിയവയും നടക്കും. 2195 മത്സരാർത്ഥികൾ വെള്ളിയാഴ്ച്ച കലോത്സവ വേദികളിൽ മാറ്റുരയ്ക്കും.
പൂർണ്ണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ചുള്ള മേള ചിട്ടയായ സംഘാടന മികവ് കൊണ്ട് ശ്രദ്ധ നേടി.
വേദികൾ തമ്മിലുള്ള ദൂരക്കൂടുതൽ മാത്രമാണ് അൽപ്പമെങ്കിലും മത്സരാർത്ഥികളെ വലച്ചത്.
മേള ഞായറാഴ്ച്ച സമാപിക്കും