മേലാറ്റൂർ:വർണപ്പൊലിമയിൽ വസ്ത്രങ്ങളണിഞ്ഞ് മണവാട്ടി ചമഞ്ഞൊരുങ്ങിയപ്പോഴേക്കും വെള്ളക്കാച്ചിയും മുണ്ടും തട്ടവുമിട്ട് തോഴിമാരും തയ്യാറായി. കല്യാണ രാവുകളെ അനുസ്മരിപ്പിച്ച് കലോത്സവ നഗരിയിലും ഒരുക്കം തന്നെയായിരുന്നു പ്രധാനം. മണവാളനടുത്തേയ്ക്കക്കുന്ന മൊഞ്ചത്തിയെ ഒരുക്കിയിട്ടും അണിയിച്ചിട്ടും മതി വന്നില്ല തോഴിമാർക്ക്. ഒപ്പനയുടെ താളപ്പെരുക്കത്തിന് വളകിലുക്കം അണിയറയിൽ ഏറെ മുമ്പുതന്നെ തുടങ്ങി. പിന്നെ മണിയറ രാവിന്റെ മോഹങ്ങൾ പറഞ്ഞ് പാട്ടിന്റെ താളപ്പെരുമ.
ഇത്തവണയും റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ അരങ്ങുവാണു ജനകീയമായി ഒപ്പന മത്സരം. മണവാട്ടിയും സംഘങ്ങളും എത്തിയ നാലാം വേദിക്ക് കല്യാണത്തിളക്കമായിരുന്നു. മൂന്ന് വിഭാഗങ്ങളിൽ നിരവതി സ്കൂളുകളാണ് ഒപ്പന മത്സരത്തിൽ പങ്കെടുത്തത് .
ഓരോ ഒപ്പന സംഘങ്ങളേയും കാണികൾ ഹർഷാരവത്തോടെ എതിരേറ്റപ്പോൾ മത്സരം കടുത്തതായി. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഓരോ സംഘങ്ങളും പുറത്തെടുത്തത്.