മേലാറ്റൂർ: അച്ഛൻ പഠിപ്പിച്ച പാഠങ്ങളത്രയും കുറിക്കുകൊള്ളും വിധംഅരങ്ങിൽ ഫലിപ്പിച്ച് എച്ച്.എസ്.എസ് പെൺകുട്ടികളുടെ വിഭാഗം മിമിക്രി മത്സരത്തിൽ ടി.പുണ്യ ഒന്നാം സ്ഥാനത്തോടെ പിതാവിന് ഗുരുദക്ഷിണ നൽകി. കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസ് സ്കൂളിലെ പ്ലസ് വൺ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ പുണ്യ അഞ്ച് പേരോട് മത്സരിച്ചാണ് റവന്യൂ ജില്ലാ കലോത്സവത്തിൽ ഒന്നാംസ്ഥാനം നേടിയത്. കഴിഞ്ഞ വർഷവും ജില്ലയിൽ ഒന്നാംസ്ഥാനമുണ്ടായിരുന്നു. ഇംഗ്ലീഷ് സിനിമാ ട്രെയ്ലറോടെ തുടങ്ങി എഫ്.എം റേഡിയോ അവതാരകയായും ചാക്യാരായും പുണ്യ അരങ്ങു തകർത്തു. ഉന്തുവണ്ടിയിൽ പഴവിൽപ്പനക്കാരനായ പിതാവ് സജീവൻ ചെറുപ്പം മുതലേ പുണ്യയെ മിമിക്രി പരിശീലിപ്പിച്ചിരുന്നു. അജിതയാണ് അമ്മ.