തിരൂരങ്ങാടി: 2020 ഫെബ്രുവരി വരെയുള്ള കാലാവധിക്കുള്ളിൽ 50,000 പുതിയ പട്ടയങ്ങൾ അനുവദിക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. മിനി സിവിൽ സ്റ്റേഷനിൽ ആരംഭിച്ച തിരൂരങ്ങാടി താലൂക്ക് ഓഫീസിന്റെ പ്രവർത്തനോദ്ഘാടനവും സിവിൽ സ്റ്റേഷനിലെ പുതിയ ബ്ലോക്കിന്റെയും തിരൂരങ്ങാടി ലാൻഡ് ട്രൈബ്യൂണലിന്റെയും ഉദ്ഘാടനവും നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
തിരൂരങ്ങാടി കൊണ്ടോട്ടി താലൂക്കുകൾക്കായി പുതുതായി നിലവിൽ വന്ന തിരൂരങ്ങാടി ലാന്റ് ട്രിബ്യൂണൽ ഓഫീസ് മുഖേന ഇക്കാലയളവിൽ 5,000 പട്ടയങ്ങൾ അനുവദിക്കും.തിരൂരങ്ങാടി ഉൾപ്പെടെയുള്ള വില്ലേജുകളുടെ വിഭജന കാര്യത്തിൽ അനുയോജ്യമായ സാഹചര്യത്തിൽ സാദ്ധ്യത പരിശോധിക്കും. ലാൻഡ് ട്രിബ്യൂണലിന്റെ പരിഗണനയിലുണ്ടായിരുന്ന കേസുകൾ അടിയന്തരമായി തീർപ്പാക്കാൻ സർക്കാർ നടപടി സ്വീകരിച്ചുവെന്നും അതേ സമീപനം തുടരുമെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ ഭൂമി സർക്കാർ ആവശ്യങ്ങൾക്ക് തന്നെ ലഭ്യമാക്കുന്നതിലെ പോരായ്മകൾ പരിഹരിക്കും.- മന്ത്രി കൂട്ടിച്ചേർത്തു
പി.കെ. അബ്ദുറബ്ബ് എം.എൽ.എ അദ്ധ്യക്ഷനായി. എ.ഡി.എം എൻ. എം. മെഹറലി റിപ്പോർട്ട് അവതരിപ്പിച്ചു. പി. അബ്ദുൾ ഹമീദ് എം.എൽ.എ , റവന്യു കമ്മിഷണർ സി.എ ലത, വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.അബ്ദുൾ കലാം, അബ്ദുൽ ഹഖ് ചാക്കീരി, നഗരസഭാ ചെയർപേഴ്സൺമാരായ കെ.ടി റഹീദ, വി.വി ജമീല, നഗരസഭ വൈസ് ചെയർമാൻ എം.അബ്ദുറഹ്മാൻ കുട്ടി, തിരൂർ ആർ.ഡി.ഒ പി.അബ്ദു സമദ്, ജില്ലാ കളക്ടർ ജാഫർ മാലിക് , തിരൂരങ്ങാടി തഹസിൽദാർ എം.എസ് ഷാജു എന്നിവർ പ്രസംഗിച്ചു.
സർക്കാർ അനുവദിച്ച 40 ലക്ഷം രൂപ വിനിയോഗിച്ചാണ് മിനി സിവിൽ സ്റ്റേഷനിലെ താഴത്തെ നില നവീകരിച്ച് താലൂക്ക് ഓഫീസിനായി സജ്ജീകരിച്ചത്.