മലപ്പുറം: എന്തൊരു താളം , എന്തൊരു ചേല് ' കൗമാര പ്രതിഭാമാറ്റിൽ തിളങ്ങുകയാണ് വെള്ളിയാറിൻ തീരം. കലാസ്വാദകർക്ക് നല്ലൊരു മേള കണ്ട അനുഭൂതിയും. കലയുടെ ആറ് പകലിരവുകൾക്ക് നാളെ കർട്ടൺ വീഴും.
16 വേദികളിലായി 36 ഇനങ്ങളിലാണ് ഇന്നലെ മത്സരങ്ങൾ നടന്നത്. മലപ്പുറം, പെരിന്തൽമണ്ണ ഉപജില്ലകൾ തമ്മിലാണ് മത്സരം കടുക്കുന്നത്. നൃത്തസമ്പന്നമായിരുന്നു ഇന്നലത്തെ വേദികൾ. തിരുവാതിരയുടെ ചുവടുകൾക്കൊപ്പമാണ് വേദികളുണർന്നത്. കരിമഷിയെഴുതി മുല്ലപ്പൂവും തുളസിക്കതിരും ചൂടി കസവണിഞ്ഞ് തിരുവാതിര പാട്ടിനൊത്തുളള മങ്കമാരുടെ ചുവടുകളെല്ലാം മികച്ചു നിന്നു. കൈ പോവുന്നിടത്ത് കണ്ണും മനസും ഭാവമുള്ളയിടത്ത് രസവുമായി ലാസ്യഭംഗിയിൽ നടനമാടിയപ്പോൾ ഹൈസ്കൂൾ ഭരതനാട്യ മത്സരാർത്ഥികൾ വിധികർത്താക്കളുടെയും പ്രശംസ നേടി.രാവിലെ മുതൽ ഇരുവേദികൾക്ക് മുന്നിലും കലാസ്വാദകരുടെ തിരക്കായിരുന്നു.
ചടുലമായ ചുവടുകളാൽ സമ്പന്നമായിരുന്നു ഹൈസ്കൂൾ ചവിട്ടുനാടകം. അഭിനയവും പാട്ടും കളരിച്ചുവടുകളുമായി മത്സരാർത്ഥികൾ മിന്നിച്ചു.
മൂകാഭിനയം , മലയാള പ്രസംഗം വേദികളിൽ മനുഷ്യന്റെ ആർത്തി വരുത്തിവച്ച പ്രകൃതി ദുരന്തങ്ങളുടെ കെടുതികളും മാഫിയകളുടെ ചൂഷണത്തിനെതിരെയുള്ള പുതുതലമുറയുടെ രോഷവും മുഴങ്ങി.
കൗമാരങ്ങളുടെ കലാഉപാസനയെ നെഞ്ചേറ്റുകയായിരുന്നു മേളയിലേക്ക് ഒഴുകിയെത്തിയ കാഴ്ചക്കൂട്ടം. ഇതോടെ മത്സരാർത്ഥികളിലും ആവേശം നിറഞ്ഞു.