തേഞ്ഞിപ്പലം: മഹാരാഷ്ട്രയിൽ ബി.ജെ.പി - എൻ.സി.പി സഖ്യം യാഥാർത്ഥ്യമായ സാഹചര്യത്തിൽ കേരളത്തിൽ എൻ.സി.പിയെ എൽ.ഡി.എഫിൽ നിന്ന് പുറത്താക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ 74-ാമത് ചരമ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ കൂടെയാണോ നിൽക്കുന്നതെന്ന കാര്യം ഇടതുപക്ഷം വ്യക്തമാക്കണം. എല്ലാ സംസ്ഥാനങ്ങളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് , സി.ബി.ഐ എന്നിവയെ ദുരുപയോഗപ്പെടുത്തി ബി.ജെ.പി രാഷ്ട്രീയപാർട്ടി നേതാക്കൻമാരെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമുണ്ട്. അതിന്റെ പ്രതിഫലനമാണ് മഹാരാഷ്ട്രയിലുമുണ്ടായത്. സമീപകാലത്ത് ബി.ജെ.പിയുമായി സഹകരിക്കുന്ന നയമാണ് സി.പി.എമ്മിന് കേരളത്തിലുള്ളത്. ശിവസേനയുമായി ബന്ധം പാടില്ലെന്ന് കേരള നേതൃത്വം അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയെ അറിയിച്ചിരുന്നതായും മുല്ലപ്പള്ളി മാദ്ധ്യമങ്ങളോട് പറഞ്ഞു.