മലപ്പുറം: പെരിന്തൽമണ്ണയിലെയും അങ്ങാടിപ്പുറത്തെയും ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ഓരാടംപാലം- മാനത്തുമംഗലം റെയിൽവേ മേൽപ്പാലത്തോടുകൂടിയ ബൈപ്പാസ് റോഡിനുള്ള സ്ഥലമേറ്റെടുക്കലിന് നടപടികളാവുന്നു. നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ജില്ലാകളക്ടർ ജാഫർ മാലിക്കുമായി നടത്തിയ ചർച്ചയിൽ സ്ഥലമേറ്റെടുക്കൽ വേഗത്തിലാക്കാൻ പ്രത്യേക മോണിറ്ററിംഗ് സമിതി രൂപവത്കരിച്ചു. സമിതി ഡിസംബർ 15ന് ഭൂവുടമകളുടെ യോഗം വിളിക്കും. ഇതിനു മുന്നോടിയായി ഡിസംബർ ആദ്യവാരം ജനപ്രതിനിധികൾ ഭൂവുടമകളുമായി ചർച്ച നടത്തും.
പദ്ധതിക്ക് 2010ൽ അംഗീകാരമായതും സർവേ നടപടികൾ പൂർത്തിയാക്കിയതുമാണ്. സ്ഥലമേറ്റെടുക്കലിനുള്ള സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ യോഗത്തിൽ തീരുമാനമായി. ഏറ്റെടുക്കേണ്ട മുഴുവൻ ഭൂമിയുടെയും സർവേ നമ്പറുകൾ എൽ.എ വിഭാഗം തഹസിൽദാറുടെ നേതൃത്വത്തിൽ ഡിസംബർ അഞ്ചിനകം പൊതുമരാമത്ത് വകുപ്പിനു കൈമാറാനും ഡിസംബർ 10നകം സ്ഥലമേറ്റെടുക്കലിനുള്ള വിശദമായ അപേക്ഷ റവന്യൂ വകുപ്പിനു നൽകാനും തീരുമാനിച്ചു.
സമിതി അംഗങ്ങളെ കൂടാതെ ഷൊർണൂർ സതേൺ റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയർ ആബിദ് പരാരി, പെരിന്തൽമണ്ണ പൊതുമരാമത്ത് വകുപ്പ് (റോഡ്സ്) അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ കെ.പി. സജീഷ്, അസിസ്റ്റന്റ് എൻജിനീയർ വി. സുരേഷ്, പെരിന്തൽമണ്ണ തഹസിൽദാർ പി.ടി. ജാഫർ അലി, സ്പെഷ്യൽ തഹസിൽദാർ (എൽ.എ) സി.വി. മുരളീധരൻ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
റെയിൽവേ മേൽപ്പാലം വേണം
ബൈപാസിൽ നിർമ്മിക്കേണ്ട റെയിൽവേ മേൽപ്പാലത്തിന് 18 കോടി രൂപയുടെ പദ്ധതി റെയിൽവെ തയ്യാറാക്കിയിട്ടുണ്ട്.
തുടർ പ്രവർത്തനങ്ങൾക്ക് പ്രൊജക്ട് മാനേജ്മെന്റ് ചാർജ്ജായി പദ്ധതി തുകയുടെ ഒരു ശതമാനമായ 18 ലക്ഷം രൂപ സർക്കാർ കെട്ടിവയ്ക്കണം.
ഇതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും.
സ്ഥലമേറ്റെടുപ്പു പൂർത്തിയാവുന്നതോടെ നിർമ്മാണ പ്രവൃത്തികൾ തുടങ്ങും.
മോണിറ്ററിംഗ് സമിതി
പെരിന്തൽമണ്ണ സബ്കളക്ടർ കെ.എസ്. അഞ്ജു കൺവീനറും എം.എൽ.എമാരായ മഞ്ഞളാംകുഴി അലി, ടി.എ. അഹമ്മദ് കബീർ, പെരിന്തൽമണ്ണ നഗരസഭ ചെയർമാർ എം. മുഹമ്മദ് സലീം, അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ. കേശവൻ, ജില്ലാ പഞ്ചായത്ത് അംഗം ടി.കെ. റഷീദലി, വിവിധ വകുപ്പു ഉദ്യോഗസ്ഥർ എന്നിവർ അംഗങ്ങളുമായ സമിതി
4.04
കിലോമീറ്റർ നീളം
24
മീറ്റർ വീതി
25
ഏക്കർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്