തിരൂർ: ആറുവർഷം മുമ്പ് , പാമ്പുകടിയേറ്റ മകനെ അദ്ധ്യാപകർ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച ഓർമ്മയിൽ ആലിങ്ങൽ അമരിയിൽ ദുൽക്കിഫിലി. തൃപ്രങ്ങോട് എ.എം. എൽ.പി സ്കൂളിലെ അദ്ധ്യാപകരുടെ ജാഗ്രതയാണ് സുൽത്താൻ ബത്തേരിയിലെ ഗവ: സർവജന സ്കൂളിലെ ഷഹലയുടെ വേർപാടിന്റെ സാഹചര്യത്തിൽ ഇദ്ദേഹം ഓർത്തെടുക്കുന്നത്.
ജോലിക്കിടെയാണ്സ്കൂളിൽ നിന്ന് അദ്ധ്യാപകനായ ഇസ്മായിലിന്റെ കോൾ വരുന്നത്. മോനെ പാമ്പ് കടിച്ചു. കൊടയ്ക്കൽ ആശുപത്രിയിൽ കാണിച്ചെങ്കിലും സൗകര്യം കുറവായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി.-ഇതായിരുന്നു സന്ദേശം. അവിടെയെത്തിയപ്പോഴേക്കും ആവശ്യമായ ചികിത്സ കൊടുത്തിരുന്നു. ക്ലാസ് റൂമിൽ പട്ടികയ്ക്കുമേൽ തൂക്കിയിട്ട കുടയിൽ കയറിപ്പറ്റിയതായിരുന്നു പാമ്പ്. ഇത് ശ്രദ്ധിക്കാതെ കുട പിടിച്ചപ്പോൾ കുട്ടിയെ പാമ്പ് കടിച്ചു. ഉടനെ അദ്ധ്യാപകർ പ്രാഥമിക ചികിത്സ നൽകി. പാമ്പിനെ അദ്ധ്യാപകർ തന്നെ പിടികൂടി കൊണ്ടുപോയി. അതിനാൽ കുട്ടിയുടെ ജീവൻ രക്ഷിക്കാനായി. സ്കൂൾ അദ്ധ്യാപകരായ ബാബു, ഇസ്മായിൽ എന്നിവരുടെ അവസരോചിത ഇടപെടലാണ് കുഞ്ഞിന്റെ ജീവൻ രക്ഷിച്ചത്. ഷഹലയുടെ കാര്യത്തിൽ ഈ കാരുണ്യമനസ് ഉണ്ടായിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നെന്ന് ദുൽക്കിഫിലി പറയുന്നു.