മേലാറ്റൂർ: വെള്ളിയാറിൻ തീരത്ത് കലയുടെ പൂരത്തിന് കൊടിയിറങ്ങി, ഇനി കാഞ്ഞങ്ങാട്ടെ മണ്ണിൽ. പ്രതിഭാസമ്പന്നതയാൽ മേലാറ്റൂരിന്റെ മേള കലാസ്വാദകരുടെ മനം കവർന്നു. സംസ്ഥാന കലോത്സവത്തിൽ ജില്ലയ്ക്ക് ഏറെ പ്രതീക്ഷയേകുന്നതാണ് മത്സരാർത്ഥികളുടെ പ്രകടനങ്ങൾ. മേളയുടെ അവസാന ദിനമായ ഇന്നലെ 27 ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. പ്രധാനവേദിയിൽ അരങ്ങേറിയ സംഘനൃത്തം നിലവാരം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. അറബനമുട്ടിനൊത്ത് മേള നഗരിയും താളം പിടിച്ചു. വഞ്ചിപ്പാട്ടിന്റെ ഈണത്തിൽ തുഴപിടിച്ച് ആസ്വാദക വൃന്ദവും കൂടെ ചേർന്നു. ഹൈസ്കൂൾ വിഭാഗം ഭരതനാട്യവും എച്ച്.എസ്.എസ് കുച്ചിപ്പുടിയും കൂടിയായതോടെ മേള കളർഫുൾ. ജനപ്രിയ ഇനങ്ങൾ അധികമില്ലായിരുന്നില്ലെങ്കിലും മേള നഗരിയിലേക്ക് കാണികൾ ഒഴുകിയെത്തി. ഇവരെ നിയന്ത്രിക്കാൻ പൊലീസും നന്നേ പാടുപെട്ടു. മിക്കവേദികൾക്ക് മുന്നിലും കാലു കുത്താൻ സ്ഥലമില്ലായിരുന്നു.