bnnn
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സിബി ജോസഫിനെ തെളിവെടുപ്പിനായി ഓഫീസിലെത്തിച്ചപ്പോൾ

നിലമ്പൂർ : വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സിബി ജോസഫിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നിലമ്പൂരിലെ ഇയാളുടെ ഓഫീസിലും വീട്ടിലുമെത്തിച്ച് പൊലീസ് തെളിവെടുത്തു. തുടരന്വേഷണത്തിനും തെളിവെടുപ്പിനുമായി ഇയാളെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് മൂന്നു ദിവസത്തെ കസ്റ്റഡി അനുവദിച്ചത്. തുടർന്ന് പുതിയ ബസ് സ്റ്റാൻഡിനു സമീപമുള്ള ഇയാളുടെ മേരിമാതാ ഹയർ എഡ്യുക്കേഷൻ ഗൈഡൻസ് ട്രസ്റ്റ് സ്ഥാപനത്തിൽ ആദ്യം കൊണ്ടുവന്ന് തെളിവെടുത്തു. രേഖകൾ പരിശോധിച്ച ശേഷം ഓഫീസ് പൊലീസ് സീൽ ചെയ്തു. തുടർന്ന് ചക്കാലക്കുത്തുള്ള വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. നിലമ്പൂർ പൊലീസ് ഇൻസ്‌പെക്ടർ സുനിൽ പുളിക്കലിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പുകൾ നടത്തിയത്. കോഴിക്കോട് സ്വദേശിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. നിലവിൽ നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ മാത്രം ഇയാൾക്കെതിരെ 16 കേസുകളാണുള്ളത്. മൊത്തം 4.30 കോടി രൂപ തട്ടിയെടുത്തതായാണ് പരാതികളിലുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലായി വേറെയും കേസുകളുള്ളതായി പൊലീസ് പറയുന്നു.