hasan-ali
.

മഞ്ചേരി : നിലമ്പൂർ കരുളായിയിൽ നിർമ്മാണത്തിനിടെ മതിൽ ദേഹത്ത് ഇടിഞ്ഞ് വീണ് മരിച്ച അസം സ്വദേശിയുടെ മൃതദേഹം മഞ്ചേരിയിൽ ഖബറടക്കി. ഹസൻ അലി എന്ന തൊഴിലാളിയുടെ മൃതദേഹമാണ് മഞ്ചേരി സെൻട്രൽ ജുമാ മസ്ജിദ് തടപ്പറമ്പ് ഖബർസ്ഥാനിൽ മറവ് ചെയ്തത്.
തിങ്കളാഴ്ച വൈകിട്ടാണ് അപകടം. മതിൽ കെട്ടുന്നതിനിടെ ദേഹത്തേക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു. സഹപ്രവർത്തകരും അത് വഴി വന്ന ഓട്ടോ തൊഴിലാളിയും ചേർന്ന് ഉടൻ കല്ലുകൾ മാ​റ്റി ഹസൻ അലിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായിരുന്നതിനാൽ പ്രാഥമിക ചികിത്സ നൽകി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. എന്നാൽ ഹസൻ അലി വഴിമദ്ധ്യേ മരണപ്പെട്ടു. നിലമ്പൂർ പൊലീസ് ഇൻക്വസ്​റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പോസ്​റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. എന്നാൽ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകാനുള്ള സാമ്പത്തിക ശേഷി ഇല്ലെന്ന് ബന്ധുക്കൾ അറിയിച്ചതിനാലാണ് അവരുടെ അപേക്ഷ മാനിച്ച് മഞ്ചേരി സെൻട്രൽ ജുമാമസ്ജിദിൽ ഖബറടക്കിയത്.