മലപ്പുറം: വരൾച്ചാഭീതിയുടെ മറവിൽ വേനലടുക്കുംമുമ്പേ തന്നെ ലാഭക്കൊതി മൂത്ത് സ്വകാര്യ കുഴൽക്കിണർ നിർമ്മാണ ഏജൻസികൾ ജില്ലയിൽ പിടിമുറുക്കുന്നു. ജില്ലയിൽ ആകെ 62 സ്വകാര്യ റിഗ്ഗുകൾക്കേ ഭൂജല വകുപ്പിന്റെ ലൈസൻസുള്ളൂ. ഒരുവർഷത്തിനിടെ 148 കുഴൽക്കിണറുകളാണ് ഭൂജലവകുപ്പിൽ രജിസ്റ്റർ ചെയ്തത്. എന്നാൽ ഇതിന്റെ പലയിരട്ടി കുഴൽക്കിണറുകൾ അനധികൃത റിഗ്ഗുകൾ വഴി നിർമ്മിക്കുന്നുണ്ട്. ഒരു ഡ്രില്ലിംഗ് ഏജൻസിക്ക് പരമാവധി മൂന്ന് റിഗ്ഗുകൾ വരെ ഭൂജലവകുപ്പിൽ രജിസ്റ്റർ ചെയ്യാം. ഈ അനുമതിയുടെ മറവിൽ തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ റിഗ്ഗുകളെത്തിച്ചാണ് ഇവരുടെ പ്രവർത്തനം. വരൾച്ചാഭീഷണി നേരിടുന്ന നോട്ടിഫൈഡ് ബ്ലോക്കുകളിൽ പോലും അനധികൃത കുഴൽക്കിണർ നിർമ്മാണം നടക്കുന്നുണ്ട്. ഭൂജല വകുപ്പിന്റെ കണക്കുപ്രകാരം സംസ്ഥാനത്ത് കാസർകോട് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കുഴൽക്കിണറുകൾ നിർമ്മിച്ചത് മലപ്പുറം ജില്ലയിലാണ്. കാസർകോട്ട് സ്വകാര്യ ഡ്രില്ലിംഗ് ഏജസികൾ 366 കുഴൽക്കിണറുകളാണ് ഒരുവർഷത്തിനിടെ നിർമ്മിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്വകാര്യ റിഗ്ഗുകൾ രജിസ്റ്റർ ചെയ്തതിൽ രണ്ടാമതും മലപ്പുറമാണ്. 62 എണ്ണം. കാസർകോട്ട് 68ഉം. സംസ്ഥാനത്ത് ആകെ 346 റിഗ്ഗുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മിക്ക ജില്ലകളിലും 30ൽ താഴെ സ്വകാര്യ റിഗ്ഗുകളാണ് ഔദ്യോഗിക കണക്കിൽ ഉൾപ്പെട്ടിട്ടുള്ളത്. ജില്ലാ ഭൂജല വകുപ്പിന്റെ ജലലഭ്യതാ സർട്ടിഫിക്കറ്റും എതിർപ്പില്ലാ രേഖയും ലഭിച്ചാലേ കുഴൽക്കിണർ നിർമ്മിക്കാൻ തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് അനുമതി ലഭിക്കൂ. വരൾച്ച രൂക്ഷമായ പ്രദേശങ്ങളിലും പൊതുജല സ്രോതസുകൾക്ക് സമീപവും കുഴൽക്കിണർ കുഴിക്കാനും പാടില്ല. അനധികൃത റിഗ്ഗുകൾ ഈ നിർദ്ദേശങ്ങളൊന്നും പാലിക്കുന്നില്ല. അടക്കിനിറുത്താനാവും അനധികൃതമായി കുഴൽക്കിണറുകൾ നിർമ്മിക്കുന്ന സ്വകാര്യ റിഗ്ഗുകൾക്ക് പിഴ ഈടാക്കാനും പിന്നീട് ഈ ഏജൻസികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കാനുമാവും. ഏജൻസി രജിസ്‌ട്രേഷന് 50,000 രൂപയും ഒന്നിൽ കൂടുതൽ റിഗ്ഗുകൾ ഉപയോഗിക്കുന്നതിന് 10,000 രൂപയും രജിസ്‌ട്രേഷൻ ഫീയായി നൽകണം. സർക്കാർ നിർദ്ദേശങ്ങൾ പാലിക്കണമെന്ന കർശന നിബന്ധനയോടെയാണ് ലൈസൻസ് അനുവദിക്കുന്നത്. കുഴിക്കുന്ന കിണറിന്റെ കണക്കുകൾ മൂന്നുമാസം കൂടുമ്പോൾ ജലവകുപ്പിന് കൈമാറുകയും വേണം. ഇതെല്ലാം കാറ്റിൽപറത്തിയാണ് പല ഏജൻസികളും പ്രവർത്തിക്കുന്നത്. മൂന്നിൽ കൂടുതൽ റിഗ്ഗുകൾ മിക്ക ഏജൻസികളും പ്രവർത്തിപ്പിക്കുന്നുണ്ട്.