മലപ്പുറം: നെല്ല് സംഭരിച്ച വകയിൽ ജില്ലയിലെ കർഷകർക്ക് സപ്ലൈകോ നൽകാനുള്ളത് 31.49 കോടി രൂപ. കഴിഞ്ഞ സീസണിൽ 28,991 മെട്രിക് ടൺ നെല്ലാണ് ജില്ലയിൽ നിന്ന് ശേഖരിച്ചത്. 73.34 കോടി രൂപയാണ് ഈ ഇനത്തിൽ കർഷകർക്ക് നൽകേണ്ടിയിരുന്നത്. 41.85 കോടി രൂപയേ ഇതുവരെ നൽകിട്ടുള്ളൂ. ജില്ലയിൽ ആകെ 6,022 കർഷകരാണ് പദ്ധതിയിൽ അംഗങ്ങളായിരുന്നത്. പകുതി കർഷകർക്കേ ഇതുവരെ തുക ലഭിച്ചിട്ടുള്ളൂ.
കേന്ദ്ര സർക്കാരിൽ നിന്നുള്ള സബ്സിഡി തുക ലഭിക്കുന്നതിലെ കാലതാമസമാണ് കർഷകർക്കുള്ള കുടിശ്ശിക തീർക്കുന്നതിലെ തടസ്സമെന്നാണ് സിവിൽ സപ്ലൈസ് വകുപ്പിന്റെ വാദം. സർക്കാരുമായുള്ള കരാർ പ്രകാരം നെല്ല് സംഭരിക്കുമ്പോൾ കർഷകർക്ക് മുൻകൂറായി ബാങ്കുകൾ പണം നൽകിയിരുന്നു. സപ്ലൈക്കോ കർഷകർക്ക് നൽകുന്ന പി.ആർ.എസ് രസീതിന്റെ ഈടിന്മേലാണ് ബാങ്കുകൾ മുൻകൂറായി പണം നൽകിയിരുന്നത്. പിന്നീട് സിവിൽ സപ്ലൈസ് വകുപ്പ് ബാങ്കുകൾക്ക് പണം തിരിച്ചുനൽകുകയാണ് ചെയ്യാറുള്ളത്. കർഷകർക്കുള്ള കുടിശ്ശിക ഒഴിവാക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
നട്ടംതിരിഞ്ഞ്
കർഷകർ
സർക്കാർ കൊടുക്കാനുള്ള തുക കുമിഞ്ഞതോടെ ബാങ്കുകളും പദ്ധതിയുമായി നിസ്സഹകരണത്തിലാണ്. ബാങ്കുകൾക്കുള്ള വായ്പാ തിരിച്ചടവ് മുടങ്ങിയാൽ കർഷകരെടുത്ത മറ്റു വായ്പകളും കിട്ടാക്കടമാവും. പിന്നീട് പുതിയ വായ്പ കിട്ടാനും പ്രയാസമാവും. കർഷകരിൽ മിക്കവരും വായ്പയെടുത്താണ് കൃഷിയിറക്കാറെന്നതിനാൽ വലിയ തിരിച്ചടിയാവും നേരിടേണ്ടി വരിക. നെൽകൃഷിയിൽ പ്രളയം വലിയ നാശനഷ്ടം വിതച്ചിരിക്കെ സംഭരിച്ച നെല്ലിന്റെ വില പോലും കിട്ടാത്തത് കർഷകരെ ദുരിതത്തിലാക്കിയിട്ടുണ്ട്. കിലോഗ്രാമിന് 26.95 രൂപയാണ് സംഭരണ വില. നേരത്തെ സ്വകാര്യ മില്ലുകളുടെ കടുത്ത ചൂഷണത്തിന് ഇരയായിരുന്ന കർഷകർക്ക് സപ്ലൈക്കോയുടെ നെല്ല് സംഭരണം ഏറെ ആശ്വാസകരമാണ്. കർഷകരിൽ നിന്നും സംഭരിച്ച നെല്ല് സംസ്ക്കരിച്ച് അരിയാക്കി പൊതുവിതരണ സമ്പ്രദായത്തിൽ കൂടി വിതരണം ചെയ്യുന്ന മുറയ്ക്ക് കേന്ദ്ര സർക്കാർ സബ്സിഡി അനുവദിക്കേണ്ടതുണ്ട്. ഈ സീസണിൽ സ്വകാര്യ മില്ലുകളുടെ നിസ്സഹകരണം മൂലം നെല്ല് സംഭരണം മന്ദഗതിയിലായിരുന്നു. യഥാസമയം സംഭരിക്കുന്നതിൽ വന്ന കാലതാമസം കർഷകർക്ക് നഷ്ടങ്ങളുണ്ടാക്കി.
പദ്ധതിയിൽ ഉൾപ്പെടുത്താൻ
www.supplycopaddy.in എന്ന വെബ് സൈറ്റ് വഴി കർഷകർക്ക് നേരിട്ട് രജിസ്റ്റർ ചെയ്യാം.
കർഷകന്റെ മേൽവിലാസം, കൃഷി സ്ഥലത്തിന്റെ വിസ്തീർണ്ണം, സർവേ നമ്പർ, മൊബൈൽ നമ്പർ, ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ തുടങ്ങിയ വിവരങ്ങളാണ് രജിസ്ട്രേഷന് ആവശ്യം.
ഉമ, ജ്യോതി, മട്ട, വെള്ള എന്നിവയ്ക്ക് പ്രത്യേകം രജിസ്ട്രേഷൻ നിർബന്ധമാണ്.
രജിസ്ട്രേഷൻ പൂർത്തിയാകുമ്പോൾ ലഭിക്കുന്ന പ്രിന്റൗട്ട്, അനുബന്ധരേഖകൾ സഹിതം അതത് കൃഷിഭവനിൽ സമർപ്പിക്കണം.
വിത്ത് വിതച്ച് 60 ദിവസത്തിനകം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം.
നെല്ല് സംഭരിക്കുന്ന തീയതി, സംഭരണ കേന്ദ്രം എന്നിവ കർഷകരെ നേരിട്ട് അറിയിക്കുന്നതാണ് രീതി.