മലപ്പുറം: മലപ്പുറം, കൊണ്ടോട്ടി, മഞ്ചേരി ഭാഗങ്ങളിൽ വിദ്യാർത്ഥികൾക്കും ഇതരസംസ്ഥാന തൊഴിലാളികൾക്കും കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ മുഖ്യകണ്ണിയെ അഞ്ച് കിലോ കഞ്ചാവുമായി എക്സൈസ് പിടികൂടി. പുൽപ്പറ്റ കൂട്ടാവിൽ വടക്കേതൊടിക അബ്ദുൾ റഷീദിനെയാണ് (30) ഇന്നലെ മലപ്പുറം വാറങ്കോട് എം.ബി. ഹോസ്പിറ്റലിന് മുന്നിൽവച്ച് വാഹനപരിശോധനയ്ക്കിടെ ബൈക്ക് സഹിതം പിടികൂടിയത്. ഇയാൾ ആന്ധ്രയിൽ നിന്നാണ് കഞ്ചാവെത്തിച്ചത്. ഈ മാസമാദ്യം നാലുകിലോ കഞ്ചാവുമായി പിടികൂടിയ മോങ്ങം സ്വദേശിയിൽ നിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണങ്ങൾക്ക് പിന്നാലെയാണ് പ്രതി പിടിയിലായത്.
അന്ധ്രയിൽ നിന്ന് രണ്ട് കിലോഗ്രാം അടങ്ങുന്ന ഒരുപാർസൽ ആറായിരം രൂപയ്ക്ക് ഇവിടെയെത്തിച്ച് 60,000 രൂപയ്ക്ക് ഇടനിലക്കാർക്ക് മറിച്ചുനൽകുകയാണ് ചെയ്യുന്നത്. ചില്ലറ വിപണിയിലെത്തുമ്പോൾ അഞ്ച് ഗ്രാം അടങ്ങിയ ഒരുപൊതി കഞ്ചാവിന് 500 രൂപ വിലവരും. ഇപ്രകാരം പ്രവർത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് അബ്ദുൾ റഷീദെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഘത്തിലെ മറ്റുള്ളവരെ കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പരിശോധന സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ വി.മായിൻകുട്ടി, ടി.വി. ജ്യോതിഷ് ചന്ദ്, ടി.ബാബുരാജൻ, വി.അരവിന്ദൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.സി. അച്യുതൻ, കെ. ഷംസുദ്ദീൻ, എം. റാഷിദ്, വി.ടി. സെയ്ഫുദ്ദീൻ, വനിത സിവിൽഎക്സൈസ് ഓഫീസർ വി. ജിഷ, ഡ്രൈവർ വി. ശശീന്ദ്രൻ എന്നിവരാണുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.