തിരുനാവായ : ദേശീയ തലത്തിൽ മികവിനുള്ള ആദരവിൽ തിളങ്ങി തിരുനാവായ പഞ്ചായത്ത്. കേരളത്തിലെ ഏറ്റവും മികച്ച 13 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പത്തരമാറ്റ് തിളക്കവുമായി തിരുനാവായ പഞ്ചായത്തുമെത്തി. തിരുവനന്തപുരത്തു സംസ്ഥാന സർക്കാർ സംഘടിപ്പിച്ച 'മികവിന് ആദരം' പരിപാടിയിൽ ധനമന്ത്രി ടി.എം. തോമസ് ഐസക്കിൽ നിന്നും തിരുനാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫൈസൽ എടശ്ശേരിയും വൈസ് പ്രസിഡന്റ് ആനി ഗോൾഡ് ലീഫും ഉപഹാരം ഏറ്റുവാങ്ങി. പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ പ്രവർത്തന മികവിനുള്ള ഈ വർഷത്തെ ദേശീയ പുരസ്കാരങ്ങളിൽ കേരളത്തിന് മുൻതൂക്കം നേടിക്കൊടുത്തതിൽ പ്രധാന പങ്കു വഹിച്ചതിനാണ് തിരുനാവായ ഗ്രാമ പഞ്ചായത്തിന് സർക്കാരിന്റെ ആദരവ് ലഭിച്ചത്. തിരുവനന്തപുരം മൗണ്ട് കാർമ്മൽ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ സെക്രട്ടറി ശാരദാ മുരളീധരൻ സ്വാഗതം പറഞ്ഞു.
ദേശീയ തലത്തിൽ വിവിധ പുരസ്കാരങ്ങൾ നേടിയ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, നെടുമങ്ങാട്,ശ്രീകൃഷ്ണപുരം ബ്ളോക്ക് പഞ്ചായത്തുകൾ, തിരുനാവായ മാറഞ്ചേരി, ശൂരനാട് നോർത്ത്, കോലഴി, കാലടി, പടിയൂർ കല്യാട്, കീനാനൂർ കരിന്തളം, ബുധനൂർ എന്നീ തദ്ദേശ സ്ഥാപനങ്ങളെയാണ് സർക്കാർ ആദരിച്ചത് തിരുവനന്തപുരം മേയർ കെ. ശ്രീകുമാർ, ടി.കെ ജോസ്, ഡോ. കെ.എൻ. ഹരിലാൽ തുടങ്ങിയവർ പ്രസംഗിച്ചു.