നിലമ്പൂർ: വാഹന പരിശോധനയ്ക്കിടെ പത്തു കിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. പൂക്കോട്ടുംപാടം പുതിയത്ത് വീട്ടിൽ ഷാനവാസിനെയാണ് (29) കാളികാവ് റേഞ്ച് ഇൻസ്പെക്ടർ പി.ജെ റോബിൻ ബാബുവും സംഘവും അറസ്റ്റ് ചെയ്തത്.
എക്സൈസ് ഇന്റലിജൻസ് വിഭാഗം നൽകിയ രഹസ്യവിവരത്തെത്തുടർന്നു നടത്തിയ പരിശോധനയിൽ ചോക്കാട് സെന്റ് തോമസ് മാർത്തോമ ദേവാലയത്തിന്റെ സമീപത്തുവച്ചു ഇയാൾ സഞ്ചരിച്ച കാർ തടഞ്ഞു നിറുത്തി പിടികൂടുകയായിരുന്നു.പൂക്കോട്ടുംപാടം, കാളികാവ്, വണ്ടൂർ പ്രദേശങ്ങളിലേക്കു കാറിൽ കൊണ്ടു പോകുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്.
മലപ്പുറം ജില്ലയിലെ മയക്കുമരുന്ന് വ്യാപാര കണ്ണിയിലെ പ്രധാനികളിൽ ഒരാളാണ് ഷാനവാസെന്നു എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. ബംഗളൂരു, മൈസൂരു, എറണാകുളം എന്നിവിടങ്ങളിലെ മയക്കുമരുന്നു ലോബിയുമായി ഇയാൾക്കു അടുത്ത ബന്ധമാണുള്ളത്.
ഇന്നലെ വൈകുന്നേരം 6.50 ഓടെ മാരുതി റിറ്റ്സ് കാറിലാണ് ഇയാളെത്തിയത്. പരിശോധനയിൽ ഡ്രൈവറുടെ സീറ്റിനടിയിലായും മുൻ ഡോറുകളിൽ പ്രത്യേകം സജ്ജീകരിച്ച അറകളിലും ബോണറ്റിനുള്ളിൽ കാണപ്പെട്ട അറയിലുമായി 15 പാക്കറ്റുകളിൽ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.
പരിശോധനാ സംഘത്തിൽ പ്രിവന്റീവ് ഓഫീസർ എൻ. ശങ്കരനാരായണൻ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ പി.അശോക്, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് അഫ്സൽ, ഇ. ജിഷിൽ നായർ, കെ.എസ്. അരുൺകുമാർ എന്നിവരും ഉണ്ടായിരുന്നു.
പിടിയിലായത് നിരീക്ഷണത്തിലിരിക്കെ
മലപ്പുറം ജില്ലയിൽ അടുത്ത കാലത്ത് നടന്ന പ്രധാന കഞ്ചാവ് വേട്ടകളിൽ ഒന്നാണ് പൂക്കോട്ടുംപാടത്തേത്.
ഗൾഫിലും നാട്ടിലുമായി ബാർബർ ജോലി ചെയ്തിരുന്ന ഷാനവാസ് ഏതാനും നാളുകളായി ഇന്റലിജൻസിന്റെ നിരീക്ഷണത്തിലായിരുന്നു.
പ്രതി കഞ്ചാവ് കടത്തുന്ന വിവരം ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ ടി. ഷിജുമോനു ലഭിച്ചിരുന്നു
മുമ്പ് ആന്ധ്രാപ്രദേശിൽ വച്ചും പ്രതി കഞ്ചാവുമായി പിടിയിലായിരുന്നു.മയക്കുഗുളികകളും കഞ്ചാവും കൈവശം വച്ചതിനു കാളികാവ് റേഞ്ചിലും കേസുണ്ട്.
വാടകയ്ക്കെടുക്കുന്ന വാഹനങ്ങളിൽ അറകൾ സജ്ജീകരിച്ചാണ് കോട്ടയ്ക്കൽ, പൂക്കോട്ടുംപാടം ഭാഗങ്ങളിലേക്ക് ഇയാൾ വൻതോതിൽ കഞ്ചാവ് എത്തിച്ചിരുന്നത്
എക്സൈസ് അധികൃതർ