മലപ്പുറം: പ്രളയദുരിതബാധിതർക്ക് നൽകാൻ പോലും ഫണ്ടില്ലെന്ന് പറയുന്നവർ വിദേശയാത്രയടക്കമുള്ള അനാവശ്യച്ചെലവുകൾ വെട്ടിച്ചുരുക്കാൻ തയ്യാറാവുന്നില്ലെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. പ്രളയദുരന്തത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ജില്ലാകമ്മിറ്റി കവളപ്പാറ മുതൽ കളക്ടറേറ്റ് വരെ നടത്തിയ ലോഗ് മാർച്ചിന്റെ സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേന്ദ്രം ഫണ്ട് നൽകുന്നില്ലെന്ന് സംസ്ഥാന സർക്കാരും കൊടുത്ത ഫണ്ട് ചെലവഴിച്ചില്ലെന്ന് കേന്ദ്രവും പരസ്പരം പഴിചാരി ഒത്തുകളിക്കുകയാണ്. ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാത്തവരാണ് ഇരുസർക്കാരുകളും. എം.എൽ.എമാരെ ചാക്കിട്ടുപിടിക്കാൻ കേന്ദ്രത്തിന്റെ കൈവശം പണമുണ്ട്. എന്നാൽ പ്രളയബാധിതർക്ക് നൽകാൻ പണവുമില്ല. - കുഞ്ഞാലിക്കുട്ടി പറഞ്ഞു.സമാപനസമ്മേളനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. യു.എ. ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. പി.ഉബൈദുള്ള എം.എൽ.എ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.കെ. ഫിറോസ്, ഉമ്മർ അറക്കൽ, തുടങ്ങിയവർ പങ്കെടുത്തു.