പെരിന്തൽമണ്ണ: കുട്ടികളുടെ സങ്കടഹരജിക്ക് പരിഹാരം കാണാൻ ജില്ലാകളക്ടർ നേരിട്ടെത്തിയതോടെ മങ്കടയിലെ കർക്കിടകം ഗവ. എൽ. പി സ്കൂളിന് ശാപമോക്ഷം. സ്ഥിതിഗതികൾ വിലയിരുത്തിയ ജില്ലാകളക്ടർ ജാഫർ മാലിക് ആറു മാസത്തിനകം പുതിയ കെട്ടിടം നിർമ്മിക്കുകയെന്ന ലക്ഷ്യവുമായി മുന്നോട്ടുപോകാൻ നിർദ്ദേശം നൽകി. പ്രവർത്തനം നിരീക്ഷിക്കാൻ അസി. കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അരനൂറ്റാണ്ടിലേറെ പഴക്കം ചെന്ന സ്കൂൾ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ കളക്ടറുടെ ശ്രദ്ധയിൽ പെടുത്തിയത് വിദ്യാർത്ഥികൾ തന്നെയാണ്. മഴ പെയ്താൽ ചോർന്നൊലിക്കുന്ന, സുരക്ഷിതമായ വാതിലുകളും ജനലുകളുമില്ലാത്ത പഴക്കമേറിയ സ്കൂൾ കെട്ടിടം സുരക്ഷിതമല്ലെന്നും ഇവിടെയിരുന്നു പഠിക്കാൻ തങ്ങൾക്ക് ഭയമാണെന്നും കാണിച്ച് സ്കൂൾ ലീഡർ അഞ്ജു കൃഷ്ണയുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്. പിന്നീട് കളക്ടർ ജാഫർ മാലിക്കിനെ നേരിട്ട് കണ്ട് പ്രശ്നങ്ങൾ ബോദ്ധ്യപ്പെടുത്തി. തുടർന്നാണ് കഴിഞ്ഞ ദിവസം വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും അത്ഭുതപ്പെടുത്തി അസി. കളക്ടറുമൊത്ത് കളക്ടർ സ്കൂളിലെത്തിയത്.
അദ്ധ്യാപകരുമായും നാട്ടുകാരുമായും നടത്തിയ ചർച്ചയിൽ പുതിയ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള തടസങ്ങൾക്ക് പരിഹാരമായി. കെട്ടിട നിർമ്മാണം ഉടൻ ആരംഭിക്കാനും ആറുമാസത്തിനകം പൂർത്തിയാക്കാനുമാണ് ഉദ്ദേശിക്കുന്നത്.