പെരിന്തൽമണ്ണ: വളാഞ്ചേരി - പെരിന്തൽമണ്ണ സംസ്ഥാന പാതയോരത്ത് അങ്ങാടിപ്പുറം പഞ്ചായത്തിൽ ഒരു കിലോമീറ്ററിനുള്ളിൽ യാത്രക്കാർക്ക് ഭീഷണിയായി നിൽക്കുന്നത് അഞ്ചോളം ഉണങ്ങിയ മരങ്ങൾ. മാലാപറമ്പ് എം.ഇ.എസ് മെഡിക്കൽ കോളേജിന്റെ പഴയ പ്രവേശന കവാടത്തിന് സമീപത്ത് റോഡരികിൽ വൈദ്യുതി ലൈനിനോട് ചേർന്നും തൊട്ടടുത്ത വളവിൽ ഗെയ്റ്റിൻപടിക്ക് സമീപത്തുമായാണ് തല ഭാഗം മുതൽ ദ്രവിച്ച് ഏത് നിമിഷവും റോഡിലേക്ക് വീഴുമെന്ന സ്ഥിതിയിൽ മരങ്ങൾ നിൽക്കുന്നത്.
തണൽ മരങ്ങൾ മുറിച്ച് നീക്കുന്നതിൽ കാണിക്കുന്ന ശുഷ്കാന്തി അധികൃതർ അപകടഭീഷണിയുയർത്തുന്ന മരങ്ങളുടെ കാര്യത്തിലും കാണിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. പാതയോരങ്ങളിലെ ഉണങ്ങിയ മരങ്ങളുടെ കാര്യത്തിൽ അതത് പ്രാദേശിക ഭരണകൂടങ്ങളും പൊതുമരാമത്ത് വകുപ്പും അടിയന്തരമായി ഇടപെടണമെന്നാണ് ജനങ്ങളുടെ ആവശ്യം.
അവഗണിക്കുമ്പോ ൾ നഷ്ടമാവുന്നത്
നവംബർ 20ന് കുളത്തൂർ- പടപ്പറമ്പ് റോഡിൽ പലകപ്പറമ്പ് കമ്പനിപ്പടിയിൽ ഉണങ്ങിയ മരം റോഡിലേക്ക് പൊട്ടിവീണ് ബൈക്ക് യാത്രികനായ തെക്കൻ പാങ്ങ് സ്വദേശി ബസ് ജീവനക്കാരനായ മുഹമ്മദ് ഷരീഫ് (32) മരിച്ചിരുന്നു.
ഭീഷണിയായ ഈ മരം മുറിച്ച് മാറ്റണമെന്ന് കാണിച്ച് ആറുമാസം മുമ്പ് ഒരു ജനപ്രതിനിധി നൽകിയ പരാതി അധികൃതർ അവഗണിച്ചതാണ് ഒരു കുടുംബത്തിന്റെ അത്താണിയായ യുവാവിന്റെ അകാലത്തിലെ അന്ത്യത്തിന് കാരണമായത്.
സമാന രീതിയിൽ തന്നെ ഭീഷണി ഉയർത്തി കോട്ടയ്ക്കൽ-പെരിന്തൽമണ്ണ റോഡിൽ പീടികപ്പടിയിൽ ഉണങ്ങിയ മരം നിൽക്കുന്നുണ്ട്.