തിരൂരങ്ങാടി: തിരൂരങ്ങാടി - കൊളപ്പുറം റോഡ് പൊട്ടിപൊളിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. റോഡിലെ കയറ്റയിറക്കങ്ങൾ ശരിയാക്കാനായി പൊളിച്ച റോഡ് ഇതുവരെ നന്നാക്കാത്തതിനാൽ പൊടിതിന്ന് ജീവിക്കുകയാണ് നാട്ടുകാർ. വിദ്യാർത്ഥികൾക്കും കാൽനടയാത്രക്കാർക്കും ഇതുവഴി നടക്കാൻ പറ്റാത്ത അവസ്ഥയാണ്. തിരൂർ, താനൂർ, നന്നമ്പ്ര തിരൂരങ്ങാടി ഭാഗങ്ങളിൽ നിന്നുള്ളവർക്ക് കരിപ്പൂർ വിമാനത്താവളത്തിലേക്ക് എത്താനുള്ള ഏക റോഡാണിത്. മഴയെ പഴിചാരിയാണ് കരാറുകാരൻ പ്രവൃത്തി പാതിവഴിയിലിട്ടതെങ്കിൽ മഴ മാറിനിന്നിട്ടും ടാറിംഗ് അടക്കമുള്ള പണികൾ തുടങ്ങിയിട്ടില്ല. കോടുപാടില്ലാത്ത ഇടങ്ങളിലടക്കം റോഡ് പൊളിച്ചിട്ടുണ്ട്. രൂക്ഷമായ പൊടിശല്യത്തെ തുടർന്ന് പ്രദേശത്തെ ജനജീവിതം ദുസ്സഹമായിട്ടുണ്ട്. രാത്രിയിൽ ഇരുചക്രവാഹനങ്ങൾ കുഴികളിൽ വീഴുന്നതിനാൽ അപകടങ്ങൾ പതിവായിട്ടുണ്ട്. എ.ആർ നഗർ കൊളപ്പുറം നിവാസികളുടെ ഏറെക്കാലത്തേ മുറവിളി കൊടുവിലാണ് ഒന്നര കിലോമീറ്റർ റോഡ് റബ്ബറൈസ് ചെയ്യാൻ പൊതുമരാമത്ത് വകുപ്പ് രണ്ട് കോടിയുടെ ഫണ്ട് അനുവധിച്ചത്.