പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരദ്ധ്യത്തിലെ പുതിയ വനിതാ വിശ്രമ കേന്ദ്രം കണ്ടാൽ ആരും പറയും ഇങ്ങനെയാവണം വിശ്രമം കേന്ദ്രമെന്ന്. നഗരസഭയുടെ രജത ജൂബിലി പദ്ധതിയിൽ ഉൾപ്പെുത്തി പഴയ ടാക്സി സ്റ്റാന്റ് നിന്നിരുന്ന സ്ഥലത്ത് ഹഡ്കോയുടെ സാമ്പത്തിക സഹായത്തോടെ നിർമ്മിച്ച ഈ കേന്ദ്രത്തിലുള്ളത് അത്യാധുനിക സൗകര്യങ്ങളാണ്. രണ്ട് നിലകളിലായി നിർമ്മിച്ച കെട്ടിടത്തിന്റെ താഴെ ടാക്സി സ്റ്റാന്റും പുരുഷന്മാരുടെ ടൊയ്ലറ്റ് ബ്ലോക്കുകളും മുകളിൽ വനിതാ വിശ്രമ കേന്ദ്രവുമാണ്. ഇതോടെ നഗരമദ്ധ്യത്തിൽ എല്ലാ സൗകര്യങ്ങളോടെയുമുള്ള ടൊയ്ലറ്റ് ബ്ലോക്കുകൾ സജ്ജമായിട്ടുണ്ട്. നഗരത്തിൽ വിവിധ ആവശ്യങ്ങൾക്കായെത്തുന്ന വനിതകൾക്ക് വിശ്രമിക്കാനായി ഒന്നാംനിലയിൽ പ്രത്യക കേന്ദ്രവുമുണ്ട്.
എല്ലാം ഹൈടെക്ക്
പാഡ് ഇൻസിനറേറ്റർ സ്ഥാപിച്ച പ്രത്യേക ടൊയ്ലറ്റ്, ഷീപാഡ് വെന്റിംഗ് മെഷിൻ, വിശ്രമമുറി, മുലയൂട്ടൽ റൂം, തൊട്ടിൽ, വിശ്രമ ഇരിപ്പിടങ്ങൾ, പത്രം, ബുക്ക്, മാഗസിൻ, എ.സി, ടി വി, വൈഫൈ, ടീ ആന്റ് സ്നാക്സ് കൗണ്ടർ എന്നിങ്ങനെ സൗകര്യങ്ങളോടെയാണ് വനിതാ വിശ്രമകേന്ദ്രം സജ്ജമാക്കിയത്. 81.78 ലക്ഷം രൂപയാണ് പദ്ധതി ചിലവ്. ഇതിൽ 60.88 ലക്ഷം ഹഡ്കോ സഹായവും 20.90 ലക്ഷം നഗരസഭാ വിഹിതവുമാണ്. വനിതാവിശ്രമ കേന്ദ്രംബ്ലോക്കിന്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. നഗരസഭ ചെയർമാൻ എം.മുഹമ്മദ് സലിം അദ്ധ്യക്ഷത വഹിച്ചു. ഹഡ്ക്കൊ ജനറൽ മാനേജർ കോശി വർഗീസ് മുഖ്യാതിഥിയായി. വൈസ് ചെയർമാൻ നിഷി അനിൽ രാജ്, സെക്രട്ടറി എസ്. അബ്ദുൽ സജിം, എൻ. പ്രസന്നകുമാർ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.സി മൊയ്തീൻകുട്ടി, പി.ടി ശോഭന, പത്തത്ത് ആരിഫ്, രതി അല്ലക്കാട്ടിൽ, വി ബാബുരാജ് തുടങ്ങിയവർ സംബന്ധിച്ചു.