മലപ്പുറം: പ്രളയം തകർത്ത ജില്ലയിലെ വനമേഖലയുടെ പുനർനിർമാണത്തിന് മുൻഗണന നൽകുമെന്ന് വനം മന്ത്രി അഡ്വ. കെ.രാജു പറഞ്ഞു. ഇതിന്റെ ഭാഗമായി പ്രളയത്തിൽ പൂർണമായും നശിച്ച മതിൽമൂല, പെരുവമ്പാടം, വൈലാശ്ശേരി ആദിവാസി കോളനികളുടെ പുനരധിവാസത്തിനായി മോഡൽ ട്രൈബൽ വില്ലേജ് സ്ഥാപിക്കുന്നതിന് 10 ഹെക്ടർ വനഭൂമി റവന്യൂ വകുപ്പിന് കൈമാറി കഴിഞ്ഞതായും മന്ത്രി അറിയിച്ചു. നിലമ്പൂർ ഒ.സി.കെ ഓഡറ്റോറിയത്തിൽ സംഘടിപ്പിച്ച ജില്ല വന അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കേന്ദ്ര അനുമതി ലഭിച്ച 111.35 ഹെക്ടർ ഭൂമി കൂടി പുനരധിവാസത്തിനായി കൈമാറാനുള്ള നടപടികൾ പൂർത്തീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രളയത്തിൽ തകർന്ന കനോലി ഇക്കോടൂറിസം സെന്ററിലേക്കുള്ള തൂക്കുപാലം 67 ലക്ഷം രൂപ ചെലവിൽ പുനർനിർമ്മിക്കാനുള്ള നടപടികളും പൂർത്തിയായിവരുന്നു. ഇതോടെ സെന്ററിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനാവും. ചന്തക്കുന്നിലെ പുരാതന ഡി.എഫ്.ഒ ബംഗ്ലാവ് ചരിത്ര മ്യൂസിയമാക്കാനും കോഴിപ്പാറയിൽ സൗഹൃദ വനയാത്ര /ട്രക്കിങ് സൗകര്യങ്ങൾ ഒരുക്കുന്നതിനുമുള്ള നടപടികളും പുരോഗമിക്കുകയാണ്. കരിമ്പുഴ വന്യജീവി സങ്കേതം ഉടൻ നിലവിൽ വരുമെന്നും മുണ്ടക്കടവ് ആദിവാസി കോളനിയിലെ ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിയെന്നും മന്ത്രി അറിയിച്ചു.
വന്യ ജീവി ആക്രമണ പ്രതരോധങ്ങൾക്കായി ജില്ലയിൽ 150.52 കലോ മീറ്റർ നീളത്തിൽ സോളാർ ഫെൻസിങും 9.843 കലോ മീറ്റർ നീളത്തിൽ ട്രഞ്ചും 7.806 കിലോ മീറ്റർ നീളത്തിൽ ആനപ്രതിരോധ മതിലും നിർമ്മിച്ചിട്ടുണ്ട്. ഈ വർഷം 34.9 കിലോ മീറ്റർ നീളത്തിൽ സൗരോർജ വേലി സ്ഥാപിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. പ്രളയത്തിൽ തകർന്ന 56.53 കിലോമീറ്റർ നീളത്തിലുള്ള സൗരോർജ വേലി പ്രവർത്തനക്ഷമമാക്കാനുള്ള നടപടികൾ യുദ്ധകാലടിസ്ഥാനത്തിൽ നടന്നുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.
പൂളക്കപ്പാറ മുതൽ നമ്പൂരിപ്പൊട്ടി വരെ 3.5 കിലോ മീറ്റർ ദൂരം 2.23 കോടി രൂപ ചെലവിൽ ക്രാഷ് ഗാർഡ് റോപ്പ് ഫെൻസിങ് നിർമ്മിക്കുന്നതിനുള്ള നടപടികളും പൂർത്തിയാക്കി വരികയാണ്. ഊർങ്ങാട്ടിരി ചാലിയാർ പഞ്ചായത്തുകളിൽ 67 ലക്ഷം രൂപ ചിലവിൽ സൗരോർജ വേലി നിർമ്മിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.