അഗളി: അട്ടപ്പാടിയിൽ ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് ഭരണകൂട ഭീകരതയെന്ന് സി.പി.ഐ സംസ്ഥാന പ്രതിനിധി സംഘം. മേലെ മഞ്ചക്കണ്ടി ഊരിന് സമീപം ഉൾവനത്തിൽ സംഭവം നടന്ന സ്ഥലം സന്ദർശിച്ച ശേഷമായിരുന്നു അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പ്രതികരണം. പൊലീസ് വിലക്ക് അവഗണിച്ചായിരുന്നു സംഘത്തിന്റെ യാത്ര.
ഇന്നലെ രാവിലെ 11.30ന് മഞ്ചക്കണ്ടിയിലെത്തിയ സംഘം ഉച്ചയ്ക്ക് ഒന്നിന് സംഭവ സ്ഥലം സന്ദർശിച്ചു. ഊരുനിവാസികളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലും സ്ഥലം സന്ദർശിച്ചപ്പോഴും മനസിലാവുന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.പ്രസാദ് പറഞ്ഞു. പൊലീസുണ്ടാക്കിയ തിരക്കഥയ്ക്കനുസരിച്ചാണ് ഇവിടെ രണ്ടുദിവസവും ഏകപക്ഷീയ ഏറ്റുമുട്ടൽ നടന്നതെന്നും അദ്ദേഹം 'കേരളകൗമുദി"യോട് പറഞ്ഞു.
ഊരുകളിലെത്താറുള്ള മാവോയിസ്റ്റുകൾ ഭക്ഷണം ആവശ്യപ്പെടുമെന്നല്ലാതെ ആരെയും ഉപദ്രവിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. ആ നിലയ്ക്ക് അവരെ വെടിവെച്ച് കൊല്ലാനുള്ള സാഹചര്യം എന്തെന്നും എന്താണ് വനത്തിൽ സംഭവിച്ചതെന്നും സർക്കാർ വ്യക്തമാക്കണം. നാലുദിവസം പഴക്കമുള്ള വനത്തിലെ ഷെഡ് പൊലീസ് ഉണ്ടാക്കിയതാവാം. രണ്ട് അടുപ്പുകൾ കണ്ടെങ്കിലും തീ കത്തിച്ച ലക്ഷണമില്ല. ആദ്യദിവസം കൊല്ലപ്പെട്ട മൂന്നുപേരുടെ മൃതദേഹങ്ങൾ കുടിലിന് സമീപത്ത് തന്നെയായിരുന്നെന്നും 50 മീറ്റർ മാറിയാണ് മണിവാസകത്തിന്റെ മൃതദേഹം കണ്ടെത്തിയതെന്നും സാക്ഷികൾ പറഞ്ഞു.
ഇടതുപക്ഷ സർക്കാരിൽ നിന്ന് ഒരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും മജിസ്റ്റീരിയൽ അന്വേഷണത്തിൽ കുറഞ്ഞതൊന്നും തൃപ്തികരമല്ലെന്നും പ്രസാദ് പറഞ്ഞു. എം.എൽ.എമാരായ ഇ.കെ.വിജയൻ, മുഹമ്മദ് മുഹ്‌സിൻ, ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.