attappadi-

പാലക്കാട്: അട്ടപ്പാടിയിലേത് ഏറ്റുമുട്ടലാണെന്ന് സ്ഥാപിക്കാൻ സംഭവ സ്ഥലത്ത് കൃത്രിമ തെളിവുകളുണ്ടാക്കാൻ പൊലീസ് ശ്രമിക്കുന്നതായി ഊരുനിവാസികൾ. ഇന്നലെ സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം വനത്തിലെത്തിയപ്പോൾ ഒരു ബുള്ളറ്റിന്റെ കാലി കെയ്‌സ് കണ്ടെത്തിയിരുന്നു.

എന്നാൽ, ഏറ്റുമുട്ടൽ നടന്നതിന്റെ പിറ്റേന്ന് വൈകിട്ട് വി.കെ.ശ്രീകണ്ഠൻ എം.പി.യുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയപ്പോൾ ഇതുണ്ടായിരുന്നില്ലെന്നും ഊരുനിവാസികൾ പറയുന്നു. കൂടുതലാളുകൾ സംഭവ സ്ഥലം സന്ദർശിക്കുകയും വിവിധ ഭാഗങ്ങളിൽ നിന്ന് ഏറ്റുമുട്ടൽ വ്യാജമാണെന്നുമുള്ള വിമർശനം ശക്തമാകുകയും ചെയ്തതോടെയാണ് പുതിയ തെളിവുകൾ ഉയർന്നുവരുന്നത്. മണിവാസകം വെടിയേറ്റ് കിടന്നിരുന്ന സ്ഥലത്തിന് 20 മീറ്റർ മുകളിലുള്ള രണ്ടുമുളകൾക്കും ഒരു മരത്തിനും വെടിയേറ്റതുപോലുള്ള പാടുണ്ട്. ഇത് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാരും സിവിലിയൻ സാക്ഷികളും പറയുന്നത്. സുരക്ഷാ പ്രശ്നം ഉയർത്തി പ്രദേശത്തേക്ക് മാദ്ധ്യമങ്ങളെ തടയാനുള്ള നീക്കം പാളിയതിനാൽ പിടിച്ചുനിൽക്കാനായി പുതിയ തെളിവുകൾ നിരത്താനാണ് പൊലീസ് തീവ്രമായി ശ്രമിക്കുന്നതെന്നും ആരോപണം ഉയരുന്നു.

നടക്കുന്നത് നാടകീയ നീക്കങ്ങൾ:

വി.കെ.ശ്രീകണ്ഠൻ എം.പി
പാലക്കാട്: ഇൻക്വസ്റ്റിന് പോയ നാട്ടുകാരടങ്ങുന്ന സംഘത്തിന് മുന്നിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് നാട്ടിൽ വെടിവെപ്പിന്റെ കഥ പ്രചരിപ്പിക്കാനുള്ള തന്ത്രമാണ് പൊലീസ് നടത്തുന്നതെന്ന് വി.കെ.ശ്രീകണ്ഠൻ എം.പി. ബുധനാഴ്ച താൻ സംഭവ സ്ഥലത്തേക്ക് പോയപ്പോൾ പിന്തിരിപ്പിക്കാൻ പൊലീസ് ശ്രമിച്ചു. അതിനുവഴങ്ങാതായതോടെ മാദ്ധ്യമങ്ങളെ അകറ്റാനായി ശ്രമം. നാടകീയത നിറഞ്ഞ സംഭവങ്ങളാണ് അട്ടപ്പാടിയിൽ നടന്നത്. അവിടെ ഒരു പുൽക്കൊടിക്ക് പോലും ഒന്നും സംഭവിച്ചിട്ടില്ലെന്നും എം.പി പറഞ്ഞു.