walayar-

പാലക്കാട്:വാളയാറിൽ പീഡനത്തിനിരയായി സഹോദരിമാർ മരിച്ച കേസിൽ പ്രതികൾക്കെതിരെ തെളിവുകൾ കണ്ടെത്തുന്നതിൽ പ്രോസിക്യൂഷൻ ദയനീയമായി പരാജയപ്പെട്ടെന്ന് പാലക്കാട് പോക്സോ കോടതി വിധിയിൽ പറയുന്നു.

നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എം.ജെ.സോജന്റെ അന്വേഷണ സംഘം കേസ് ഏറ്റെടുക്കുന്നത് വരെ സാക്ഷിമൊഴികളോ മറ്റു തെളിവുകളോ ഉണ്ടായിരുന്നില്ല. ഇത് ആദ്യ അന്വേഷണ സംഘത്തിന്റെ ഗുരുതര വീഴ്ചയാണെന്നും വിധിയിൽ പറയുന്നു.

പ്രതി ചേർക്കപ്പെട്ട വലിയ മധു, ഷിബു, കുട്ടി മധു എന്നിവരെയാണ് തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടത്. മൂന്നാം പ്രതി പ്രദീപ് കുമാറിനെ നേരത്തെ വെറുതെ വിട്ടിരുന്നു. സെപ്തംബർ ആറിന് വിചാരണ പൂർത്തിയാക്കിയ കേസിന്റെ വിധി കഴിഞ്ഞ മാസം 25നാണ് വന്നത്. മൂന്നു കേസുകളിലായി പ്രത്യേകം കുറ്റപത്രം സമർപ്പിച്ചതിനാൽ മൂന്നു വിധിയുണ്ടായിരുന്നു. വിധിയുടെ പകർപ്പുകൾ മാദ്ധ്യമങ്ങൾക്ക് ലഭിച്ചു.

മൂന്നു കേസുകളിലായി കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ

പ്രധാന സാക്ഷികളായ അമ്മയുടെയും രണ്ടാനച്ഛന്റെയും മൂത്ത പെൺകുട്ടിയുടെ സുഹൃത്തിന്റെയും മൊഴികളിൽ വിശ്വാസമില്ല.

 പ്രതികളാരും കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് നേരിട്ടുള്ള തെളിവുകളില്ല.

2016ലെ സ്‌കൂൾ അവധിക്കാലത്ത് മൂത്തകുട്ടിയെ വലിയ മധു പീഡിപ്പിക്കുന്നത് നേരിൽ കണ്ടെന്ന രണ്ടാനച്ഛന്റെ മൊഴിയും ഇളയമകളുടെ പിറന്നാൾ ആഘോഷ ദിവസം അർദ്ധരാത്രിയിൽ ഉറക്കമുണർന്നപ്പോൾ സംശയാസ്പദമായ സാഹചര്യത്തിൽ പെൺകുട്ടിയുടെ കൂടെ കുട്ടി മധുവിനെ കണ്ടെന്ന അമ്മയുടെ മൊഴിയും കോടതി തള്ളി.

രക്ഷിതാക്കൾ പീഡന വിവരം ആദ്യത്തെ അന്വേഷണ സംഘത്തോട് മറച്ചുവെച്ചതെന്തുകൊണ്ട് ? കുട്ടി മധുവിനെ പെൺകുട്ടിയുടെ അടുത്ത് നഗ്നനായി കണ്ടെന്ന് അമ്മ പറഞ്ഞിട്ടും പ്രതിയെ പിന്നെയും വീട്ടിൽ താമസിപ്പിച്ചത് എന്തുകൊണ്ട് എന്നും കോടതി ചോദിക്കുന്നു. പിറന്നാൾ ആഘോഷ ദിവസം കുട്ടി മധു അവിടെ ഉണ്ടായിരുന്നില്ലെന്ന് മറ്റൊരു സാക്ഷി മൊഴിയുണ്ട്. ഈ വൈരുദ്ധ്യമാണ് രക്ഷിതാക്കളുടെ മൊഴികൾ തള്ളാൻ കാരണം.

 മൂത്ത പെൺകുട്ടിയുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് പ്രോസിക്യൂഷൻ വാദമില്ല. പോസ്റ്റുമോർട്ടത്തിൽ തൂങ്ങിമരണമാണെന്ന് വ്യക്തമാണ്. മരണ കാരണം പീഡനത്തിൽ മനംനൊന്താണെന്ന് വ്യക്തമാക്കുന്ന തെളിവില്ല.

ഷിബു കുറച്ചുകാലമായി പെൺകുട്ടികളുടെ കുടുംബത്തോടൊപ്പമാണ് തമസിക്കുന്നത്. അതിനാൽ പീഡിപ്പിക്കാനുള്ള അവസരമുണ്ടായിരുന്നുവെന്ന് മാത്രമാണ് പ്രോസിക്യൂഷന് തെളിയിക്കാനായത്.

രണ്ടാനച്ഛൻ നേരിൽ കണ്ട പീഡന വിവരം കോടതിയിൽ കൃത്യമായി പറഞ്ഞില്ല. പെൺകുട്ടിയെ കയറിപ്പിടിക്കുന്നത് കണ്ടെന്നാണ് പറഞ്ഞത്.

 ഷിബുവിനെതിരെ അമ്മയ്ക്ക് പരാതിയില്ല. ഇളയ കുട്ടിയുടെ മരണശേഷം ഒരു ദിവസം മദ്യപിക്കുന്നതിനിടെയാണ് ഷിബു പെൺകുട്ടിയോട് താൻ മോശമായി പെരുമാറിയതെന്നും മധുവിനെയും സമാന സാഹചര്യത്തിൽ കണ്ടിട്ടുണ്ടെന്നും രണ്ടാനച്ഛനോട് വെളിപ്പെടുത്തിയത്.

പൊലീസിനോട് പറയാതിരുന്ന ഈ മൊഴി പ്രോസിക്യൂഷന്റെ ക്രോസ് വിസ്‌താരത്തിലാണ് വ്യക്തമായത്.

 പല തവണയായി പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടത് അറിഞ്ഞിട്ടും അന്നൊന്നും പൊലീസിൽ പരാതിപ്പെടാതെ കുട്ടികളുടെ മരണ ശേഷം വൈകിയ വേളയിൽ ഇക്കാര്യം വ്യക്തമാക്കുന്നത് വിശ്വാസ യോഗ്യമല്ല