പാലക്കാട്: വാളയാർ കേസ് പൂർണമായും അട്ടിമറിച്ചത് സി.പി.എം നേതൃത്വമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മരിച്ച പെൺകുട്ടികളുടെ വീട് സന്ദർശിക്കുകയായിരുന്നു അദ്ദേഹം. പ്രതികൾ അഞ്ചുപേരും സി.പി.എം ബന്ധമുള്ളവരാണ്. ഭരണകൂടത്തിന്റെ അറിവോടെയാണ് കേസ് അട്ടിമറി. പിണറായി വിജയൻ ആഭ്യന്തരം ഒഴിഞ്ഞ് മറുപടി പറയണം.
വിഷയത്തിൽ സി.ബി.ഐ അന്വേഷണത്തിൽ കുറഞ്ഞതൊന്നും സ്വീകാര്യമല്ല. അറസ്റ്റിലായ പ്രതികളെ ആദ്യം മോചിപ്പാക്കാൻ ശ്രമിച്ചത് സി.പി.എം ലോക്കൽ കമ്മിറ്റി അംഗമാണ്. അന്വേഷണ സംഘത്തെ സ്വാധീനിച്ചത് ജില്ലാ നേതാവും. പ്രതികൾക്ക് വേണ്ടി ഹാജരായ സി.പി.എം അനുഭാവമുള്ള അഭിഭാഷകനെ ശിശുക്ഷേമ സമിതി ജില്ലാ ചെയർമാനാക്കി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മൂന്നുമാസം തികയും മുമ്പ് മാറ്റി. ഇതിലൊക്കെ ദുരൂഹതയുണ്ട്.
തെളിവ് ശേഖരിക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തിയ ഉദ്യേഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണം. സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചാൽ എതിർക്കില്ലെന്ന് സർക്കാർ പറയുന്നതിൽ കാര്യമില്ല. സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാനുള്ള ആർജവം മുഖ്യമന്ത്രി കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പിണറായിയും മോദിയും വ്യാജ ഏറ്റുമുട്ടലുകാർ
പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ ഇപ്പോൾ വലിയ വ്യത്യാസമില്ല. ഇരുവരും വ്യാജ ഏറ്റുമുട്ടലിൽ കുപ്രസിദ്ധി നേടിയവരാണ്. അട്ടപ്പാടി ഏറ്റുമുട്ടൽ വ്യാജമാണെന്ന് തെളിഞ്ഞു. കമ്മ്യൂണിസ്റ്റ് മൂല്യമുൾക്കൊള്ളുന്ന ഒരാൾക്ക് ഇത്തരം പ്രവർത്തിയെ പറ്റി ചിന്തിക്കാൻ കഴിയില്ല. ആശയപോരാട്ടം മാത്രം നടത്തുന്നവരെ വെടിവെച്ച് കൊല്ലുകയല്ല വേണ്ടത്. രാജ്യത്ത് സാമ്പത്തിക- സാമൂഹ്യപരിഷ്കരണം നടത്തണം. അട്ടപ്പാടി സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം. റിട്ട.ജഡ്ജിമാർക്ക് പകരം ഹൈക്കോടതി നിർദേശിക്കുന്നവരുടെ നേതൃത്വത്തിൽ അന്വേഷണം വേണം. മാവോയിസ്റ്റ് ലഘുലേഖ കൈവശം വച്ചതിന് കോഴിക്കോട് രണ്ട് യുവാക്കൾക്കെതിരെ യു.എ.പി.എ ചുമത്തിയത് നീതീകരിക്കാനാവില്ല.