പാലക്കാട്: വാളയാർ അട്ടപ്പള്ളത്തെ പെൺകുട്ടികളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ സി.പി.എമ്മിലെ ആർക്കെങ്കിലും പങ്കുണ്ടെന്ന് തെളിഞ്ഞാൽ അവർ പാർട്ടിയിലുണ്ടാവില്ലെന്ന് ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പ്രതികൾക്ക് പാർട്ടിബന്ധം ആരോപിച്ച് പുകമറ സൃഷ്ടിച്ച് ചിലർ മുതലെടുപ്പിന് ശ്രമിക്കുകയാണ്. പ്രതികൾ സി.പി.എമ്മിന്റെയോ ഡി.വൈ.എഫ്.ഐയുടെയൊ ഒരു ഘടകത്തിലും അംഗമല്ല. പൊതുപരിപാടിയിൽ പങ്കെടുത്ത ചിത്രം മാദ്ധ്യമങ്ങൾ ദുരുപയോഗം ചെയ്യുകയാണ്. കേസിൽ കോടതി ആദ്യം വെറുതെവിട്ടയാൾ ആർ.എസ്.എസ് ശാഖാ നടത്തിപ്പുകാരനാണ്. ഇതിനെകുറിച്ച് മിണ്ടാതെ സി.പി.എമ്മിനെതിരെ ആരോപണം ഉന്നയിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണ്. പാർട്ടിയെ വളഞ്ഞിട്ട് ആക്രമിച്ച് അതിലൂടെ സർക്കാരിനെ പ്രതിരോധത്തിലാക്കുകയാണ് അത്തരക്കാരുടെ ലക്ഷ്യം. നിജസ്ഥിതി ജനങ്ങളെ അറിയിക്കാൻ ഇന്ന് വൈകീട്ട് ജില്ലയിലെ 15 ഏരിയാ കമ്മിറ്റികളിലും വിശദീകരണ യോഗം നടത്തും.
അന്വേഷണത്തിന്റെ തുടക്കത്തിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് സ്ഥലം എസ്.ഐയെ മാറ്റി പകരം വനിതാ ഐ.പി.എസ് ഓഫീസറായ പൂങ്കുഴലിയുടെ മേൽനോട്ടത്തിലുള്ള സംഘത്തിനെ നിയമിച്ചിരുന്നു. ശേഷം ഡി.വൈ.എസ്.പി സോജനെ പ്രത്യേക അന്വേഷണ സംഘം തലവനായി നിയോഗിച്ചാണ് അന്വേഷണം മുന്നോട്ടുപോയത്. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും എന്തെങ്കിലും പാളിച്ചയുള്ളതായി അന്ന് ചൂണ്ടിക്കാണിച്ചിട്ടില്ല. സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ മരിച്ച പെൺകുട്ടികളുടെ വീട് സന്ദർശിച്ചപ്പോൾ മാതാപിതാക്കൾ ആക്ഷേപങ്ങളൊന്നും ഉന്നയിച്ചില്ല. അതേസമയം കേസിൽ യു.ഡി.എഫ് ഭരണകാലത്ത് നിയമിച്ച പബ്ലിക് പ്രോസിക്യൂട്ടർ തന്നെയാണ് ഇപ്പോഴും തുടരുന്നത്. പ്രോസിക്യൂട്ടറുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകളെകുറിച്ച് യു.ഡി.എഫും ബി.ജെ.പിയും മൗനം പാലിക്കുകയാണെന്നും സി.കെ.രാജേന്ദ്രൻ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ കെ.വി.വിജയദാസ് എം.എൽ.എ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.ബി.രാജേഷ്, സി.പി.എം പുതുശ്ശേരി ഏരിയാ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് എന്നിവർ പങ്കെടുത്തു.