പാലക്കാട്: വാളയാർ കേസിൽ അട്ടിമറി നടന്നത് ആഭ്യന്തരവകുപ്പിന്റെ അറിവോടെയാണെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാറും ജില്ലാ പ്രസിഡന്റ് ഇ.കൃഷ്ണദാസും വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
കേസിന്റെ വിചാരണവേളയിൽ നിലവിലുള്ള പ്രോസിക്യൂട്ടറെ മാറ്റി നടപടിക്രമങ്ങളൊന്നും പാലിക്കാതെ മറ്റൊരാളെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചത് ഇതിനു തെളിവാണ്. ഈ കാലയളവിലാണ് കേസിലെ സുപ്രധാന സാക്ഷികളായ സബ് ഇൻസ്‌പെക്ടർ ഉൾപ്പെടെയുള്ളവരുടെ വിസ്താരം നടന്നത്. ഒരു പ്രധാന സാക്ഷിയെ വിസ്തരിച്ചില്ലെന്നും നേതാക്കൾ ആരോപിച്ചു. മാവോയിസ്റ്റ് കേസുകളിൽ ഹാജരായിരുന്ന അഭിഭാഷകയെ പോക്‌സോ കോടതിയിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചത് മാനദണ്ഡങ്ങൾ പാലിച്ചാണോയെന്ന് ആഭ്യന്തരവകുപ്പ് വ്യക്തമാക്കണം. കേസിൽ പ്രോസിക്യൂഷന്റെയും പൊലീസിന്റെയും ഭാഗത്തുനിന്നും കുറ്റകരമായ അനാസ്ഥയുണ്ടായി. ബോധപൂർവം വരുത്തിയ ഈ വീഴ്ച ആഭ്യന്തരവകുപ്പ് അറിഞ്ഞുകൊണ്ടാണ്.
കേസിൽ പൊലീസിനെ നിരന്തരം ബന്ധപ്പെട്ടത് സി.പി.എം നേതാക്കളാണ്. പ്രതികൾക്ക് ആർ.എസ്.എസ് ബന്ധമില്ലെന്നും കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അവർ ആർക്കുവേണ്ടിയാണ് പ്രവർത്തിച്ചതെന്നും പരിശോധിക്കണം. കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ നയിക്കുന്ന നീതി രക്ഷാമാർച്ച് ആറിന് അട്ടപ്പള്ളത്ത് ആരംഭിക്കും. അന്ന് പുതുശ്ശേരിയിൽ സമാപിക്കും. പിറ്റേന്ന് രാവിലെ 11 മണിയോടെ കളക്ടറേറ്റിലെത്തും. വാർത്താസമ്മേളനത്തിൽ പി.ഭാസിയും പങ്കെടുത്തു.