arangu

പാലക്കാട്: കുടുംബശ്രീ കേരളത്തിലെ സ്ത്രീകളെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എത്തിച്ചതായി മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു. മൂന്ന് ദിവസങ്ങളിലായി പാലക്കാട് നടന്ന കുടുംബശ്രീ സംസ്ഥാന കലോത്സവം, 'അരങ്ങി'ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുടുംബശ്രീ കേരളത്തിലെ സ്ത്രീകളെ ലക്ഷ്യബോധവും വ്യക്തിത്വവും ഉള്ളവരാക്കി. മതേതര കേരളത്തിന് കുടുംബശ്രീ കൂട്ടായ്മ നൽകിയ സംഭാവന വലുതാണ്. കുടുംബശ്രീ സ്ത്രീകളുടെ സംഘശക്തി വളർത്തിയെന്നും മന്ത്രി പറഞ്ഞു. ഷാഫി പറമ്പിൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ കെ.വി.വിജയദാസ്, കെ.ബാബു, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, മറ്റ് ഉദ്യോസ്ഥർ എന്നിവർ പങ്കെടുത്തു.

 ഹാട്രിക്ക് നേട്ടത്തിൽ കാസർകോട്

115 പോയിന്റോടെ കാസർകോട് കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങിൽ ഓവറോൾ ചാമ്പ്യന്മാരായി. 87 പോയിന്റോടെ കണ്ണൂർ രണ്ടാം സ്ഥാനവും 62 പോയിന്റോടെ കോഴിക്കോട് മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് മന്ത്രി ട്രോഫി വിതരണം ചെയ്തു.

തുടർച്ചയായി മൂന്നാം തവണയാണ് കുടുംബശ്രീ കലോത്സവത്തിൽ കാസർകോട് ജില്ല ഓറവാൾ ചാമ്പ്യൻമാരാവുന്നത്. മൂന്നു ദിവസങ്ങളിലായി നടന്ന കലോത്സവത്തിൽ 19 സ്റ്റേജിനങ്ങളിലും ആറ് സ്റ്റേജിതര മത്സരങ്ങളുമായി സംസ്ഥാനത്തെ രണ്ടായിരത്തിലധികം കലാപ്രതിഭകളാണ് പങ്കെടുത്തത്. മലയാള നോവൽ സാഹിത്യത്തിലെ പ്രശസ്ത ആറ് സ്ത്രീ കഥാപാത്രങ്ങളുടെ പേരിൽ ഒരുക്കിയ ആറ് വേദികളിലായയാണ് മത്സരം നടന്നത്. ഗവ. വിക്ടോറിയ കോളേജ്, ഗവ. മോയൻ എൽ.പി സ്‌കൂൾ, ഫൈൻ ആർട്‌സ് സൊസൈറ്റി എന്നിവിടങ്ങളിലെ ആറ് അരങ്ങുകളിലായാണ് മത്സരങ്ങൾ നടന്നത്.